agriculture

തിരുവനന്തപുരം: ഇടക്കാലത്ത് മങ്ങിയ പൈനാപ്പിള്‍ കൃഷിയിലൂടെ ഇപ്പോള്‍ പ്രതിവര്‍ഷം സംസ്ഥാനം നേടുന്നത് ശരാശരി 742 കോടി രൂപയുടെ വരുമാനം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ വി.എഫ്.പി.സി.കെ മാത്രം 2023-24 ല്‍ 2,814 മെട്രിക് ടണ്ണിന്റെ കയറ്റുമതി നടത്തി. ഇതിലൂടെ 2.22 മില്യണ്‍ യു.എസ് ഡോളര്‍ നേടാനായി. സ്വകാര്യ കര്‍ഷകരും ഗ്രൂപ്പുകളും ഏജന്‍സികളും നടത്തുന്ന കയറ്റുമതി വേറെയുമുണ്ട്.

കൊവിഡ് ലോക്ഡൗണില്‍ കിലോയ്ക്ക് 10 രൂപയ്ക്ക് വരെ പൈനാപ്പിള്‍ വില്‍ക്കേണ്ട സാഹചര്യമായിരുന്നു. യുവജന സംഘടനകളും കാര്‍ഷിക ഗ്രൂപ്പുകളുമെല്ലാം പൈനാപ്പിള്‍ ചലഞ്ച് സംഘടിപ്പിച്ചാണ് അന്ന് കര്‍ഷകരെ സഹായിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ കിലോയ്ക്ക് 30 രൂപയിലധികം ലഭിക്കുന്നുണ്ട്. പഴുത്തത്, പാകമായത്, പച്ച എന്നിങ്ങനെ ഇനം തിരിച്ചാണ് വിപണനം.

മൗറിഷ്യസ് ഇനത്തില്‍പ്പെടുന്ന ചെടികളാണ് കൂടുതലും നടുന്നത്. ആണ്ടിലൊരിക്കലാണ് വിളവെടുപ്പ്. വിളവെടുപ്പിനുശേഷം പൊട്ടിമുളയ്ക്കുന്ന തൈകളില്‍നിന്ന് പരമാവധി മൂന്ന് വര്‍ഷം വരെ വിളവെടുക്കാമെന്ന പ്രത്യേകതയുമുണ്ട്.


കേരളത്തിലെ പൈനാപ്പിള്‍ കൃഷി

ജില്ല-------- വിസ്തൃതി (ഹെ.)

തിരുവനന്തപുരം- 90.14
കൊല്ലം-------------------128
പത്തനംതിട്ട--------155
ആലപ്പുഴ--------------14.52
കോട്ടയം------------------1826
ഇടുക്കി----------------------574
എറണാകുളം----------5903
തൃശ്ശൂര്‍-----------------------51.5
പാലക്കാട്------------------140
മലപ്പുറം-------------------------30
കോഴിക്കോട്---------------266
വയനാട്-------------------------31
കണ്ണൂര്‍-------------------------23
കാസര്‍കോട് -------------78