pic

ജക്കാർത്ത: 141 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1883 ഓഗസ്റ്റ് 26. ഇൻഡോനേഷ്യയിലെ സുമാത്ര, ജാവ ദീപുകൾക്കിടയിലെ 'ക്രാകത്തോവ ' എന്ന ഭീകരൻ അഗ്നിപർവ്വതം പൊട്ടിത്തെറിക്കാൻ തുടങ്ങി. ഒരുപക്ഷേ, ആധുനിക ലോകം കണ്ടുട്ടുള്ളതിൽ വച്ച് ഏറ്റവും വിനാശകരമായ അഗ്നിപർവ്വത സ്ഫോടനം.

ലോകത്ത് ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രതയേറിയ ശബ്‌ദത്തോടെയായിരുന്നു ക്രാകത്തോവയുടെ പൊട്ടിത്തെറി. ഓസ്ട്രേലിയ, മൗറീഷ്യസ് തുടങ്ങി 5000 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾപോലും സ്‌ഫോടന ശബ്‌ദം കേട്ടത്രെ. 4,800 കിലോമീറ്റർ അകലെയുള്ള കിഴക്കൻ ആഫ്രിക്കൻ ദ്വീപായ റോഡ്രിഗ്വേസിലും ക്രാകത്തോവ സ്ഫോടനം കേട്ടെന്നാണ് പറയപ്പെടുന്നത്.

ക്രാകത്തോവയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള ദ്വീപ് നിവാസികൾ കേട്ടത് 172 ഡെസിബൽ ശബ്‌ദമായിരുന്നത്രേ. ഈ ശബ്‌ദം കേട്ട് സമീപ ദ്വീപുകളിൽ വസിച്ചിരുന്നവർക്കും നാവികർക്കും കേൾവി പ്രശ്നങ്ങൾ സംഭവിച്ചതായും ചരിത്രം പറയുന്നു. ശബ്ദം ഇത്ര ഭീകരമെങ്കിൽ പൊട്ടിത്തെറി എത്രത്തോളം മാരകമായിരുന്നിരിക്കാമെന്ന് ഊഹിക്കാമല്ലോ.

പൊട്ടിത്തെറിക്ക് തൊട്ടു പിന്നാലെ 100 അടി ഉയരത്തിൽ കൂറ്റൻ തിരമാലകളുമായി സുനാമി ഇരച്ചുകയറി. 165ലേറെ ഗ്രാമങ്ങളെയും നഗരങ്ങളെയും തകർത്തെറിഞ്ഞു. അഗ്നിപർവത സ്‌ഫോടനത്തിലും സുനാമിയിലുമായി സുമാത്ര, ജാവ തീരങ്ങളിലെ 36,000ത്തോളം പേർക്ക് ജീവൻ നഷ്‌ടമായി. ഹിരോഷിമയിൽ വീണ അണുബോംബിനെക്കാൾ പതിനായിരം മടങ്ങ് ശക്തമായ ആ സ്ഫോടനത്തോടെ അന്തരീക്ഷത്തിൽ 80 കിലോമീറ്ററോളം ദൂരത്തിലേക്ക് പുക ഉയർന്നു പൊങ്ങി.

20 കിലോമീറ്ററോളം ദൂരത്തിൽ പാറയും ചാരവും തെറിച്ചു. ഏകദേശം 200 മെഗാടൺ ടി.എൻ.ടി ഊ‌ർജം ക്രാകത്തോവ സ്ഫോടനത്തിലൂടെ പുറത്തുവന്നു. ഇതേ വരെ പൊട്ടിത്തെറിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തമായ തെർമോന്യൂക്ലിയാർ ആയുധമായ 'സാർ ബോബ"യെക്കാൾ നാല് മടങ്ങ് ശക്തമായിരുന്നു ഇത്.

ക്രാകത്തോവ നിലനിന്ന ദ്വീപ് തന്നെ ഏറെക്കുറേ ഇല്ലാതായി. എന്നാൽ, സ്‌ഫോടനത്തിന്റെ ഫലമായി ക്രാകത്തോവയ്‌ക്ക് സമീപം 'അനക് ക്രാകത്തോവ' എന്ന അഗ്നിപർവ്വതം രൂപപ്പെട്ടു. ഇപ്പോൾ ഇൻഡോനേഷ്യക്കാരുടെ പേടി സ്വപ്‌നമാണ് 'ക്രാകത്തോവയുടെ കുഞ്ഞ് ' എന്നറിയപ്പെടുന്ന അനക് ക്രാകത്തോവ.

2018 ഡിസംബറിൽ 400ലേറെ പേരുടെ ജീവനെടുത്ത സുനാമിക്ക് കാരണക്കാരനായത് അനക് ക്രാകത്തോവയാണ്. അന്ന് മുതൽ ചെറുതും വലുതുമായ പൊട്ടിത്തെറികളുമായി അനക് സജീവമാണ്. 2018ലെ പൊട്ടിത്തെറിക്ക് മുമ്പ് അനകിന്റെ ഉയരം 1,109 അടി ആയിരുന്നു. ഇന്ന് ഇത് 515 അടിയായി ചുരുങ്ങി.

ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ, അഗ്നിപർവത സ്ഫോടന സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന ഇൻഡോനേഷ്യ. ഏകദേശം 130ഓളം സജീവ അഗ്നിപർവതങ്ങളാണ് ഇൻഡോനേഷ്യയിലുള്ളത്.