accident

മോ‌ർബി: കലുങ്ക് മറികടക്കുന്നതിനിടെ യാത്രക്കാരുമായി ട്രാക്‌ടർ ഒഴുക്കിൽ പെട്ട് അപകടം. ഗുജറാത്തിലെ മോർബി ജില്ലയിലെ ധ്വാന ഗ്രാമത്തിലാണ് സംഭവം. 19 പേരാണ് ട്രാക്‌ടറിൽ യാത്ര ചെയ്‌തിരുന്നത്. കലുങ്ക് മറികടക്കുമ്പോൾ ട്രാക്‌ടർ കുടുങ്ങിപ്പോകുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന 19പേരും ശക്തമായ ഒഴുക്കിൽ പെട്ടു. ഞായറാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം.

ദേശീയ ദുരന്തനിവാരണ സേന അംഗങ്ങൾ ഉടൻ സ്ഥലത്തെത്തി 10 പേരെ രക്ഷിച്ചു. ഒൻപതുപേരെ കുറിച്ച് വിവരമില്ല. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. 'ഞങ്ങൾക്ക് ലഭിക്കുന്ന വിവരം അനുസരിച്ച് ഒരു കലുങ്ക് മറികടക്കുന്നതിനിടെ യാത്രക്കാരുമായി ട്രാക്‌ടർ ഒഴുകിപ്പോയി. 19 പേരായിരുന്നു ഉണ്ടായിരുന്നത് തെഹ്‌സിൽ-ഹൽവാഡ് ഭാഗങ്ങളിലുള്ളവരാണ് അപകടത്തിൽ പെട്ടത്.' ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.

രാജ്‌കോട്ടിൽ നിന്നുള്ള എൻ‌ഡി‌ആർ‌എഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പുലർച്ചെ 3.44ഓടെ സ്ഥലത്തെത്തിയ സംഘം 4.15ഓടെ രക്ഷാപ്രവർത്തനം തുടങ്ങി 10 പേരെ രക്ഷിക്കുകയായിരുന്നു.