sreekrishna-jayanthi-wish

ശ്രീകൃഷ‌ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.


ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്‌ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്‌ണ ജയന്തിയായി വിശ്വാസികൾ ആഘോഷിക്കുന്നത്. ഗോകുലാഷ്‌ടമി, ശ്രീകൃഷ്‌ണ ജയന്തി, കൃഷ്‌ണാഷ്‌ടമി, കൃഷ്‌ണ ജന്മാഷ്‌ടമി എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടാറുണ്ട്. പൊതുവെ അഷ്‌ടമി രോഹിണി എന്ന പേരിനാണ് പ്രചാരം.

രാജ്യത്തിന്റെ വിവിധ ശ്രീകൃഷ്‌ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രത്യേക ചടങ്ങുകളുമാണ് നടക്കുന്നത്. കേരളത്തിലും ആഘോഷങ്ങൾക്ക് കുറവില്ല. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ്.ശ്രീകൃഷ്‌ണ ജയന്തിയോട് അനുബന്ധിച്ച് ഇന്ന് വിശേഷാൽ പൂ​ജകളാണ് ഗുരൂവായൂരിൽ നടക്കുന്നത്. രാവിലെ 9 മണിക്ക് പ്രസാദം ഊട്ട് ആരംഭിച്ചിരുന്നു. എല്ലാ വർഷവും ശ്രീകൃഷ്‌ണന്റെ ജന്മനാളായ അഷ്‌ടമിരോഹിണി നാളിൽ പ്രത്യേകത പ്രസാദ ഊട്ടാണ് നടത്താറുള്ളത്. ഗുരുവായൂരപ്പന് നേദിച്ച പാൽപായസം ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭക്തർക്ക് വിളമ്പും.

ഏറെ പ്രസിദ്ധമായ ആറന്മുളയിലെ അഷ്‌ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11ന് ക്ഷേത്ര ആനക്കൊട്ടിലിൽ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയാണ് ഭഗവാന് സദ്യ സമർപ്പിക്കുക.