മദ്ധ്യവയസ്‌കനായ ഒരാൾ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അടുത്തിരുന്ന യുവാവ് അയാളോടു ചോദിച്ചു: 'സമയം എത്രയായി?" അതു കേട്ട മാത്രയിൽ മദ്ധ്യവയസ്‌കൻ യുവാവിനോട് 'ഷട്ടപ്പ്" എന്നു പറഞ്ഞു. ഇതുകണ്ട മറ്റൊരു യാത്രക്കാരൻ ചോദിച്ചു: 'അവൻ സമയമല്ലേ ചോദിച്ചുള്ളൂ. അതിനു നിങ്ങൾ ഇത്ര ദേഷ്യപ്പെടുന്നതെന്തിനാണ്?" മദ്ധ്യവയസ്‌കൻ പറഞ്ഞു: 'അവൻ സമയം ചോദിച്ചു. ഞാൻ സമയം എത്രയാണെന്ന് പറഞ്ഞെന്നു വയ്ക്കുക. അപ്പോൾ അവൻ കാലാവസ്ഥയെപ്പറ്റി സംസാരിച്ചു തുടങ്ങും. അതുകഴിഞ്ഞ് ഇന്നത്തെ പത്രത്തിൽ വന്ന വിശേഷങ്ങൾ സംസാരിക്കും. പിന്നെ രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കും. അതിനു ശേഷം എന്റെ കുടുംബാംഗങ്ങളെക്കുറിച്ച് ചോദിക്കും....
അതുകഴിഞ്ഞ് ഞാൻ അവന്റെ വീട്ടുകാരെപ്പറ്റി അന്വേഷിച്ചു എന്നുവരാം. ഇത്രയൊക്കെ സംസാരിച്ചു പരിചയപ്പെട്ട സ്ഥിതിക്ക് ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ ഞാൻ അവനെ വീട്ടിലേക്കു ക്ഷണിച്ചെന്നിരിക്കും. ഒരുപക്ഷേ, വീട്ടിൽ ഒരു ദിവസം അവൻ താമസിച്ചെന്നിരിക്കും. എനിക്ക് സുന്ദരിയായ ഒരു മകളുണ്ട്. എന്റെ മകൾ അവനെ ഇഷ്ടപ്പെട്ടെന്നിരിക്കും. അല്ലെങ്കിൽ അവൻ അവളെ ഇഷ്ടപ്പെട്ടെന്നിരിക്കും. പ്രേമമായെന്നിരിക്കും. ഒടുവിൽ വിവാഹമായെന്നും വരാം. സ്വന്തമായി ഒരു വാച്ചുപോലും ഇല്ലാത്ത ഒരു ദരിദ്രവാസിക്ക് എന്റെ മകളെ കെട്ടിച്ചുകൊടുക്കണോ? നിങ്ങൾ തന്നെ പറയൂ. അതുകൊണ്ടാണ് ആദ്യമേ തന്നെ ഞാൻ 'ഷട്ടപ്പ്" എന്നു പറഞ്ഞ് അവനെ ഒഴിവാക്കിയത്."
ആരെങ്കിലും സമയം ചോദിച്ചാൽ അതിന് ഉത്തരം പറയാം, അല്ലെങ്കിൽ മിണ്ടാതിരിക്കാം. അതിനുപകരം ഭാവിയെക്കുറിച്ച് ഇത്രയധികം ചിന്തിച്ചുകൂട്ടേണ്ട ആവശ്യമുണ്ടോ? ഇങ്ങനെയുള്ള യാത്രക്കാരുണ്ടായാൽ കൂടെ യാത്രചെയ്യുന്ന മറ്റുള്ളവർക്കും മനഃശാന്തി നഷ്ടമാകും. നമ്മളിൽ പലരുടെയും മനസിന്റെ സ്ഥിതി ഈ മദ്ധ്യവയസ്‌കന്റേതു പോലെയാണ്. മനസ് എന്നാൽ ചിന്താപ്രവാഹമാണ്. ചില സമയത്ത് റോഡിൽ ട്രാഫിക്ക് കൂടുതലായിരിക്കും. മറ്റു ചില സമയങ്ങളിൽ കുറവായിരിക്കും. ഇതു പോലെയാണ് മനസിന്റെയും കാര്യം. ചിന്തകളൊഴിഞ്ഞ നേരം മനസിനില്ല. പലരുടെയും കാര്യത്തിൽ ഉറക്കത്തിൽപ്പോലും ചിന്തകൾ നിലയ്ക്കാറില്ല.
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചോർത്ത് ദുഃഖിക്കുകയും വരാൻപോകുന്നവയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുക മനസിന്റെ സ്വഭാവമാണ്. നടന്നുകൊണ്ടിരിക്കുമ്പോൾ കാലിനോട് 'നില്ക്കൂ" എന്ന് മനസു പറഞ്ഞാൽ ഉടനെ കാൽ ചലിക്കാതാകും. കൈകൊട്ടിക്കൊണ്ടിരിക്കുമ്പോൾ 'നില്ക്കൂ" എന്നു പറഞ്ഞാൽ ഉടനെ കൈകൾ നില്ക്കും. എന്നാൽ മനസിനോട് നിൽക്കാൻ പറഞ്ഞാൽ മനസ് നിൽക്കുമോ? ഇല്ല. നിറുത്താൻ കഴിയണം. അതാണ് നാം പരിശീലിക്കേണ്ടത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ടിവിയും മറ്റും നിയന്ത്രിക്കുന്നതുപോലെ നമ്മുടെ മനസിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയണം.
മനസിന്റെ ഏകാഗ്രതയും നിശ്ചലതയും നമ്മുടെ അമൂല്യമായ സമ്പത്താണ്. അതു നേടാനുള്ള ഒരു മാർഗമാണ് ധ്യാനം. മനസ് നമ്മുടെ വരുതിയിൽ വന്നുകഴിഞ്ഞാൽ ജീവിതം തന്നെ വളരെ എളുപ്പമായി. എല്ലാറ്റിനുമുപരി നമ്മുടെ ഉണ്മയെ കണ്ടെത്തുവാനും മനസിന്റെ നിശ്ചലത അത്യാവശ്യമാണ്. പരമമായ ശാന്തിയും ആനന്ദവും ആ നിശ്ചലതയിൽ നിന്നു മാത്രമേ നുകരാൻ കഴിയൂ.