vicks

വീട്ടിൽ നമ്മൾ ദിവസേന നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രത്യേകിച്ച് പാറ്റ, പല്ലി തുടങ്ങിയവ. എത്രതന്നെ തുരത്തിയോടിക്കാൻ ശ്രമിച്ചാലും ഇവ വീണ്ടും വീടുകളിൽ എത്തുന്നു. നല്ല വൃത്തിയായി സൂക്ഷിച്ചിട്ടും വീടുകളിൽ ഇത്തരത്തിലുള്ള ജീവികൾ വരുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഭക്ഷണത്തിലും പാത്രങ്ങളിലുമെല്ലാം ഇവ കയറിയാൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാകും ഉണ്ടാവുക. വീടുകളിലുണ്ടാകുന്ന പല തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് മിനിട്ടുകൾക്കുള്ളിൽ ചെയ്യാൻ കഴിയുന്ന പരിഹാരങ്ങൾ നോക്കാം.

  1. ഏറെ നേരം വെള്ളം ഒഴിച്ച് വച്ചാൽ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ വഴുവഴുപ്പ് ഉണ്ടാകും. ഇത് മാറാനായി പാത്രത്തിലെ വെള്ളത്തിലേക്ക് ഒരു സ്‌പൂൺ ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കഴുകി കളയാവുന്നതാണ്.
  2. ഭക്ഷണങ്ങൾ, പച്ചക്കറികൾ, പാൽ തുടങ്ങി പല തരത്തിലുള്ള സാധനങ്ങളാണ് നമ്മൾ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത്. അതിനാൽതന്നെ ഫ്രിഡ്‌ജ് തുറക്കുമ്പോൾ ചീത്ത മണം വരുന്നു. ഇത് മാറ്റാനായി ഒരു ചെറിയ പാത്രത്തിൽ അൽപ്പം ചായപ്പൊടി എടുത്ത് അടയ്‌ക്കാതെ ഫ്രി‌ഡ്‌ജിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് വയ്‌ക്കുക.
  3. വീടിന്റെ ഏതൊരു ഭാഗത്തും എത്തുന്നവയാണ് പല്ലിയും പാറ്റയും. കൂടുതലും അടുക്കള ഭാഗത്താവും ഇവ വരിക. ഇതിനെ തുരത്തി ഓടിക്കുന്നതിനായി അവയ്‌ക്ക് ഇഷ്‌ടമല്ലാത്ത ഗന്ധത്തിലുള്ള വസ്‌തു വയ്‌ക്കുകയാണ് ചെയ്യേണ്ടത്. അതിനായി ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് രണ്ട് ഗ്രാമ്പു ഇട്ട് നന്നായി തിളപ്പിക്കുക. സ്റ്റൗ ഓഫ് ചെയ്‌ത് ഇതിലേക്ക് ഒരു സ്‌പൂൺ വിക്‌സ് ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളം തണുത്ത് കഴിഞ്ഞാൽ യോജിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന കാര്യം ശ്രദ്ധിക്കുക. ഈ വെള്ളം തണുക്കുമ്പോൾ അതിലേക്ക് ന്യൂസ് പേപ്പർ ചെറിയ കഷ്‌ണങ്ങളാക്കി മുറിച്ച് ഇടുക. ശേഷം ഈ പേപ്പർ പല്ലിയും പാറ്റയും വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ വയ്‌ക്കുക. മാത്രമല്ല, ഈ വെള്ളം സ്‌പ്രേ ബോട്ടിലിലാക്കി ആവശ്യമുള്ള സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്യാവുന്നതാണ്.