സെക്കന്റ് ഷോ, കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡ് അങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പുകാരനും മാസ്റ്റർ ഫോർജറുമായ ധനി റാം മിത്തലിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സിനിമയിലൂടെയാണ് ശ്രീനാഥിന്റെ ബോളിവുഡ് അരങ്ങേറ്റം.
പ്രീതി അഗർവാളും ചേതൻ ഉണ്ണിയാലും ചേർന്ന് രചിച്ച 'മണിറാം' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുക. അടുത്തവർഷം മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുന്നു. ഇൻസോമ്നിയ മീഡിയ ആൻഡ് കണ്ടന്റ് സർവീസസ് ലിമിറ്റഡ്, പ്രെറ്റി പിക്ചേഴ്സുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രം മലയാളത്തിലും തെലുങ്കിലും പാൻ ഇന്ത്യൻ റിലീസായും എത്തുന്നുണ്ട്. പിആർഒ: ശബരി