money

കല്ലറ: നീണ്ട ഇടവേളയ്ക്കു ശേഷം വില വർദ്ധിച്ചതും കാലാവസ്ഥ അനുകൂലമായതും റബർ മേഖലയ്ക്ക് പുത്തൻ ഉണർവ് സൃഷ്ടിച്ചെങ്കിലും ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാത്തത് റബർ കർഷകരെ പ്രതിസന്ധിയിലാക്കുന്നു.റബർ പ്രധാന വരുമാനമാർഗമായ ചെറുകിട കർഷകരാണ് ബുദ്ധിമുട്ടുന്നത്.

കാലവർഷത്തിന് മുമ്പ് വില കുറഞ്ഞപ്പോൾ ഇനി ഉയരാൻ സാദ്ധ്യതയില്ലെന്ന് കരുതി ടാപ്പിംഗ് തൊഴിലാളികൾ നിർമ്മാണം,പെയിന്റിംഗ്,കാറ്ററിംഗ്,ഓട്ടോ ഓടിക്കൽ തുടങ്ങിയ മേഖലകളിലേക്ക് തിരിഞ്ഞു. കാലവർഷം കനത്തപ്പോൾ ടാപ്പിംഗ് നിറുത്തുകയും ചെയ്തു. എന്നാൽ, അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഇറക്കുമതി കുറഞ്ഞതോടെ നാടൻ വിപണിയിൽ വില കൂടി.

ടാപ്പിംഗ് മേഖലയിലേക്ക് തിരികെ വരാൻ തൊഴിലാളികൾ വിലപേശൽ നടത്തുകയാണെന്ന് ചെറുകിട കർഷകർ പറയുന്നു. ഒരു ടാപ്പിംഗിൽ ആകെക്കിട്ടുന്ന ഷീറ്റുകളുടെ പകുതി വീതം കർഷകർക്കും തൊഴിലാളിക്കും എന്നതാണ് ഉപാധി. മറ്റു മാർഗങ്ങളില്ലാതെ ഉപാധി അംഗീകരിക്കുന്ന കർഷകരുണ്ട്.എന്നിട്ടും ചിലയിടങ്ങളിൽ തൊഴിലാളി ക്ഷാമം നേരിടുകയാണ്.

നിലവിലെ റബർ വില 250 കിലോയ്ക്ക്
ഒട്ടുപാലിന് 150 കിലോയ്ക്ക്
ഒരു വർഷം ശരാശരി ടാപ്പിംഗ് 120 ദിവസം
ഈ വർഷം ഇനി ടാപ്പിംഗ് പ്രതീക്ഷിക്കുന്നത് പരമാവധി 60 ദിവസം
ഒരു ടാപ്പിംഗ് ചെയ്യാൻ കൂലി 2 -2.50 രൂപ വരെ

തൊഴിലാളികളില്ല
ടാപ്പിംഗ് ഊർജിതമായി നടക്കേണ്ട ദിവസങ്ങളിൽ തൊഴിലാളികളെ കിട്ടാത്തതുകാരണം ചെറുകിട കർഷകരുടെ വരുമാനം നിലയ്ക്കുന്ന സ്ഥിതിയായി. കനത്ത ചൂടും നീണ്ടുനിന്ന മഴയും കാരണം ഈ വർഷം ടാപ്പിംഗ് ദിനങ്ങൾ പൊതുവേ കുറഞ്ഞു. ഇപ്പോഴത്തെ തെളിഞ്ഞ കാലാവസ്ഥ ടാപ്പിംഗിന് അനുയോജ്യമാണെന്ന് കർഷകർ പറയുന്നു.