കോട്ടയം: കോട്ടയത്ത് ക്യാൻസർ രോഗിയായ അച്ഛനെ മകൻ തലയ്‌ക്കടിച്ചു കൊന്നു. ചേപ്പുംപാറ പടലുങ്കൽ പി ആർ ഷാജി (55) ആണ് കൊല്ലപ്പെട്ടത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച വെെകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. ഇതിനിടെ മകൻ രാഹുൽ കമ്പിപ്പാര ഉപയോഗിച്ച് ഷാജിയുടെ തലയ്ക്ക് അടിച്ചെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഷാജിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ എട്ടുമണിയോടെ മരിച്ചു. രാഹുൽ ഒരു കുത്തുകേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.