kamal

സിനിമയോട്‌ പാഷനുള്ള, രാവും പകലും നോക്കാതെ സിനിമയ്‌ക്കായി പ്രയത്നിക്കുന്ന നിരവധി താരങ്ങളുണ്ട്.നടൻ മോഹൻലാലിന് സിനിമയോടുള്ള ഡെഡിക്കേഷനെക്കുറിച്ച് കൗമുദി മൂവീസിനോട് പറയുന്ന സംവിധായകൻ കമലിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാൻ അർദ്ധരാത്രി മോഹൻലാൽ മുറിയിലേക്ക് വിളിച്ചതിനെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്.


'രാത്രി പന്ത്രണ്ടരയൊക്കെ ആയി കാണും. ഫോൺ വന്നു. ഫോണെടുത്തു. അപ്പുറത്തെ ശബ്ദം മോഹൻലാലിന്റേതാണ്. ഞാൻ മോഹൻലാലാണ് എന്ന് പറഞ്ഞാണ് ലാൽ സംസാരിച്ചു തുടങ്ങിയത്.കമൽ ഉറങ്ങിയോ എന്ന് ചോദിച്ചു. ഉറങ്ങുകയായിരുന്നു, എന്താ എന്ന് ഞാൻ. ആ സമയം ലാൽ വിളിക്കുന്നത് പതിവില്ലല്ലോ. ഒന്നുമില്ല, ഹോട്ടലിലുണ്ട്. ഞാനും സുരേഷ് കുമാറുമൊക്കെ ഉണ്ട്, കമലിന് കാണാൻ പറ്റുമോയെന്ന് ചോദിച്ചു.

ഇങ്ങോട്ട് വരികയാണെങ്കിൽ സൗകര്യമായിരുന്നു, ഞങ്ങൾ കുറേപ്പേരുണ്ട്, അതുകൊണ്ടാണെന്ന് പറഞ്ഞു. ഞാൻ വരാന്നുപറഞ്ഞു. അങ്ങനെ മുറിയിൽ ചെന്ന്, ബെല്ലടിച്ചു. സുരേഷ്‌കുമാർ ആണ് വാതിൽ തുറന്നത്. കണ്ട കാഴ്ച നല്ല തമാശയുള്ളതാണ്. സുരേഷ്‌കുമാറിന്റെ മുഖമൊക്കെ തുടുത്തിരിക്കുന്നു. ഞാൻ അകത്തേക്ക് കയറിയ ഉടൻ കാണുന്നത്, മോഹൻലാൽ കിടക്കയിൽ കിടക്കുന്നതാണ്. ഷർട്ടിന്റെ ബട്ടനൊക്കെ അഴിച്ചിട്ടിട്ടുണ്ട്. പ്രിയദർശൻ സോഫയിൽ കിടക്കുകയാണ്. ടീഷർട്ടാണ് ധരിച്ചിരിക്കുന്നത്. അത് ചുളിഞ്ഞിരിക്കുന്നു. ആ മുറിയിൽ നടൻ മുരളിയടക്കം കുറച്ചുപേർ ഉണ്ട്. അത്യാവശ്യം മദ്യപാനമൊക്കെ ഉണ്ടെന്ന് തോന്നുന്നു.

അവിടെ എന്തൊക്കെയോ സംസാരമൊക്കെ നടന്ന്, സംഘർഷാവസ്ഥ പോലെ തോന്നി. സുരേഷ് കുമാർ ഇരിക്കാൻ പറഞ്ഞു. ഞാൻ ശങ്കിച്ച് ഇരുന്നു. എന്താ പ്രശ്നമെന്ന് ഞാൻ ലാലിനോട് ചോദിച്ചു. അപ്പോൾ ലാൽ ചിരിച്ചു, പ്രധാനപ്പെട്ട കാര്യം പറയാൻ വേണ്ടിയാണെന്ന് പറഞ്ഞു. കമലിന് സുരേഷ്കുമാറിന് വേണ്ടി ഒരു പടം ചെയ്യാമോ എന്ന് ചോദിച്ച്. പന്ത്രണ്ടര ഒരു മണിയാണെന്ന് ഓർക്കണം. യെസ് ഓർ നോ പറയാൻ പറഞ്ഞു.

പടം ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ, അതെന്റെ ജോലിയാണെന്ന് പറഞ്ഞു. പെട്ടെന്ന് ചെയ്യാൻ പറ്റുമോയെന്നായി ലാൽ. എന്താണ് കഥ എന്നൊന്നും അറിയില്ലല്ലോ എന്ന് ചോദിച്ചു ഞാൻ. ഒരു പ്രൊജക്ട് ചില കാര്യങ്ങൾ കൊണ്ട് നടന്നില്ലെന്നും, ഞാനും സുരേഷ് കുമാറും തമ്മിൽ ഇവിടെ ഒരു യുദ്ധം നടന്നിരിക്കുകയാണെന്നും പറഞ്ഞു.'- കമൽ പറഞ്ഞു.