ചാലക്കുടി: കൊരട്ടി മംഗലശ്ശേരിയിലെ യുണൈറ്റഡ് ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ച 26 അംഗ സംഘത്തെ ചാലക്കുടി ഡിവൈ.എസ്.പി: കെ. സുമേഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. 3.66 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവിടെ സ്ഥിരമായി ചീട്ടുകളി നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം, തൃശൂർ ജില്ലകളിലുള്ളവരാണ് വലിയ തോതിൽ പണം മുടക്കി ചൂതാട്ടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് ജില്ലാ റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി ലഭിച്ചത്. തുടർന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണം. പുറത്ത് നിന്നും ആളുകൾ എത്തിയാൽ വിവരം മുൻകൂട്ടി വിവരം അറിയാൻ ക്ലബ്ബിൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.