കാലടി: ആനപ്പാറയിൽ യുവതിയും മകനും മാത്രമുള്ള വീട്ടിൽ കയറി വധഭീഷണി മുഴക്കി ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്രിൽ.
മഞ്ഞപ്ര ചന്ദ്രപ്പുര തോട്ടുങ്ങ അലൻ ലിൻസൺ (24), ചിറമേൽ സോജൻ ഷാജു (20), തുറവുർ കൂരൻ ഡോൺ (19) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ സംഘം വാക്കത്തി വീശി ഭർത്താവിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്ന യുവതി കുട്ടിയെയും കൊണ്ട് മുറിക്കകത്തു കയറി ഒളിച്ചു. തുടർന്ന് അക്രമി സംഘം വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചു. മുറ്റത്ത് കിടന്ന കാറും തകർത്തു. പ്രതികളായ സോജനും, അലനും മയക്കുമരുന്ന് ഉൾപ്പടെയുള്ള കേസുകളിൽ പ്രതികളാണ്. ഇൻസ്പെക്ടർ അനിൽ കുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ ഒ.എ. ഉണ്ണി, പി.എ. തോമസ്, കെ.കെ. ബിജു, എ.എസ്.ഐ. പി.വി. ജോർജ്, സീനിയർ സി.പി.ഒമാരായ ഷിജോ പോൾ, എൻ.കെ. നിഖിൽ, എം.എൻ. ഷാജി, ഷിബു അയ്യപ്പൻ, കെ.എസ്. സുമേഷ് തുടങ്ങിയവരാടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.