ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ മൂന്നിടങ്ങളിലായി 60 പേരെ വധിച്ച് ഭീകരർ. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് (ബി.എൽ.എ) പിന്നിൽ. വാഹനങ്ങൾ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് തോക്കിനിരയാക്കുകയായിരുന്നു.
മുസാഖൈൽ ജില്ലയിലെ രറാഷമിൽ ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം. പഞ്ചാബുമായി ബന്ധിപ്പിക്കുന്ന ഹൈവേയിൽ ബസുകളും ട്രക്കുകളും തടഞ്ഞ് യാത്രികരെ പുറത്തിറക്കി തിരിച്ചറിയൽ രേഖ പരിശോധിച്ചു. സർക്കാർ, സുരക്ഷാ ഉദ്യോഗസ്ഥരെന്ന് തിരിച്ചറിഞ്ഞവരെ കൊന്നു. 10 വാഹനങ്ങൾ കത്തിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ മരിച്ചവർ സാധാരണക്കാരാണെന്ന് പാക് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഹൈവേകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രവിശ്യയിലെ ജനങ്ങൾക്ക് ബി.എൽ.എ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, ഖലാത്ത് ജില്ലയിൽ 6 പൊലീസ് ഓഫീസർമാരെയും 4 വഴിയാത്രികരെയും വെടിവച്ചു കൊന്നു. ബോലാനിൽ റെയിൽവേ ട്രാക്കിൽ ബോംബ് പൊട്ടി 6 പേരും കൊല്ലപ്പെട്ടു. മുസ്‌തംഗിൽ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു. ഗ്വാദറിൽ വാഹനങ്ങൾ കത്തിച്ചു. 24 മണിക്കൂറിനിടെ 12 ഭീകരരെ സൈന്യം വധിച്ചു.
102 പേരെ വധിച്ചെന്ന്
'ഓപ്പറേഷൻ ഹെറോഫ്" എന്ന ദൗത്യത്തിൽ 102 പേരെ വധിച്ചെന്ന് ബി.എൽ.എ അവകാശപ്പെട്ടു. പാക് പട്ടാള ക്യാമ്പുകൾ അടക്കം തകർത്തെന്നും അവകാശപ്പെട്ടു. സർക്കാർ പ്രതികരിച്ചിട്ടില്ല.
ബലൂചിസ്ഥാന്റെ
മോചനത്തിനായി
ബലൂചിസ്ഥാനെ പാകിസ്ഥാനിൽ നിന്ന് മോചിപ്പിക്കാൻ വിവിധ ഗ്രൂപ്പുകൾ പോരാട്ടത്തിൽ
ബലൂച് ലിബറേഷൻ ഫ്രണ്ട്, റിപ്പബ്ലിക്കൻ ഗാർഡ്, റിപ്പബ്ലിക്കൻ ആർമി എന്നിവയാണ് മറ്റുള്ളവ
സുരക്ഷാ ഉദ്യോഗസ്ഥരും വിദേശികളും പ്രധാന ടാർജറ്റ്. അഫ്ഗാനിലും ഇറാനിലും സജീവം
പാകിസ്ഥാനി താലിബാന്റെ (തെഹ്‌രീക് ഇ താലിബാൻ- പാകിസ്ഥാൻ) പിന്തുണയുണ്ട്
ചൈനയും ശത്രു
ധാതു സമ്പുഷ്‌ടമായ ബലൂചിസ്ഥാനിൽ ചൈന വൻതോതിൽ നിക്ഷേപവും വിവിധ പദ്ധതികളും നടത്തുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തങ്ങളുടെ വിഭവങ്ങൾ ചൈനയും പാക് സർക്കാരും കൊള്ളയടിക്കുന്നെന്ന് ബി.എൽ.എ ആരോപിക്കുന്നു. ചൈന-പാക് സാമ്പത്തിക ഇടനാഴിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ചൈനീസ് പൗരന്മാരെ കൊന്നു.