film

തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ തുടരുന്നു. സംവിധായകന്‍ വി.കെ പ്രകാശിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് യുവ കഥാകാരി. കഥ പറയാനെന്ന വ്യാജേന കൊല്ലത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ശേഷം കടന്ന് പിടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അതിക്രമ ശ്രമം പുറത്ത് പറയാതിരിക്കാന്‍ ഡ്രൈവര്‍ മുഖേന പതിനായിരം രൂപ അക്കൗണ്ടിലേക്ക് നല്‍കിയെന്നും പരാതിക്കാരി പറയുന്നു. വിഷയത്തില്‍ തെളിവ് സഹിതം ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവതി.

വി.കെ പ്രകാശിനെതിരായ യുവതിയുടെ വാക്കുകള്‍

2022 ഏപ്രില്‍ നാലാം തീയതി രാത്രിയാണ് സംഭവം. ഫോണ്‍ വഴിയാണ് സംവിധായകനെ വിളിച്ച് കഥയുടെ കാര്യം പറഞ്ഞത്. വാട്‌സാപ്പ് വഴി അതിന്റെ ത്രെഡ് അയച്ച് കൊടുത്തിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ടുവെന്നും കഥ പറയാന്‍ കൊല്ലത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൊല്ലത്തേക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറയുകയും കൊച്ചിയിലെത്തുമ്പോള്‍ സാറിനെ കാണാമെന്നും പറഞ്ഞെങ്കിലും അത് പറ്റില്ലെന്നും തിരക്കുണ്ടെന്നും ചില മീറ്റിംഗുകളുണ്ടെന്നും മുംബയിലേക്ക് പോകുമെന്നുമായിരുന്നു സംവിധായകന്റെ മറുപടി.

കഥ ഇഷ്ടപ്പെട്ട സ്ഥിതിക്ക് എന്തായാലും സിനിമയാക്കുമല്ലോയെന്ന് ചോദിച്ചു. കഥ ഇഷ്ടപ്പെട്ടുവെന്നും ഉറപ്പായും സിനിമയാക്കുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്തേക്ക് പോയി. ഹോട്ടലില്‍ രണ്ട് മുറികള്‍ ബുക്ക് ചെയ്തിരുന്നു. ശേഷം എന്റെ മുറിയിലേക്ക് വന്നു, കഥ പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രിങ്ക്‌സ് ഓഫര്‍ ചെയ്തു. നമുക്ക് കഥയല്ല സിനിമയില്‍ അഭിനയിക്കാന്‍ ഒരു വേഷം നല്‍കാം ഒരു സീന്‍ ഇപ്പോള്‍ പറയാം ഒന്ന് അഭിനയിച്ച് കാണിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു.

എനിക്ക് അഭിനയമല്ല താത്പര്യം എന്റെ കഥ സിനിമ ആകണമെന്നാണ് ആഗ്രഹം എന്ന് പറഞ്ഞപ്പോള്‍ ഇല്ല ഞാന്‍ ഒരു സീന്‍ പറയാം അത് ആക്ട് ചെയ്യൂ എന്നായിരുന്നു മറുപടി. വള്‍ഗര്‍ ആയിട്ടുള്ള ഇന്റിമേറ്റ് ആയിട്ടുള്ള ഒരു ബെഡ്‌റൂം സീന്‍ പറഞ്ഞ ശേഷം അത് അഭിനയിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതെനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞു. എന്നാല്‍ ഞാന്‍ കാണിച്ച് തരാം എന്ന് പറഞ്ഞ ശേഷം കിസ് ചെയ്യാന്‍ ശ്രമിക്കുകയും ബെഡിലേക്ക് കിടത്താന്‍ ശ്രമിക്കുകയും ചെയ്തത്.

അപ്പോഴേക്കും അഭിനയത്തില്‍ ഒട്ടും താത്പര്യം ഇല്ലെന്ന് പറഞ്ഞ ശേഷം സാര്‍ കഥ കേള്‍ക്കു, അത് മുഴുവന്‍ കേട്ട ശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. അഭിനയിക്കാന്‍ താത്പര്യം ഇല്ലെന്ന് ഉറപ്പാണോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടിയും നല്‍കി. അങ്ങനെയാണെങ്കില്‍ എന്റെ റൂമിലേക്ക് വരൂ അവിടെ വെച്ച് സംസാരിക്കാം എന്ന് പറയുകയുമായിരുന്നു. റൂമിലേക്ക് വരാന്‍ താത്പര്യമില്ലെന്നും കഥ മുഴുവനായി വാട്‌സാപ്പില്‍ അയക്കാമെന്നും പറഞ്ഞു.

കൊല്ലത്തേക്ക് വരുന്നതിന് മുമ്പും ഇക്കാര്യം പറഞ്ഞിരുന്നു. കഥ വാട്‌സാപ്പില്‍ അയക്കാം മുഴുവന്‍ വായിച്ച ശേഷം ഇഷ്ടപ്പെട്ടാല്‍ മാത്രം കൊച്ചിയില്‍ വരുമ്പോള്‍ കാണാം എന്നും മറുപടി കൊടുത്തു. മറ്റ് ഉദ്ദേശമൊന്നും നടക്കില്ലെന്ന രീതിയില്‍ പറഞ്ഞപ്പോള്‍ മുറിക്ക് പുറത്തേക്ക് പോയി. അന്ന് രാത്രി തന്നെ അവിടെ നിന്ന് തിരിക്കുകയും രാവിലെ കൊച്ചിയില്‍ എത്തുകയും ചെയ്തു. പിന്നീട് ഫോണ്‍ പരിശോധിക്കുമ്പോള്‍ നിരവധി മിസ്‌കോളുകളുണ്ടായിരുന്നു.

ഇന്നലെ എന്ത് പണിയാണ് കാണിച്ചതെന്നും ആരോടും പറയാതെ രാത്രി പോയത് എന്തിനാണെന്നും ചോദിച്ചു. എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയുമെന്ന് ചോദിച്ചു, ആള്‍ക്ക് വലിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ ആരോടെങ്കിലും പറഞ്ഞോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി നല്‍കി. പുറത്ത് പറയരുത് മകള്‍ അറിയപ്പെടുന്ന സംവിധായകയാണെന്നും പുറത്തറിഞ്ഞാല്‍ കുടുംബത്തില്‍ പ്രശ്‌നമാകുമെന്നും അയാള്‍ പറഞ്ഞു.

എന്റെ ഉദ്ദേശം അതല്ലാത്തത് കൊണ്ട് ഞാന്‍ അവിടെ നിന്ന് പോയി എന്ന് പറഞ്ഞപ്പോള്‍ സോറി പറഞ്ഞു. എന്താണ് വേണ്ടതെന്നും ചോദിച്ചു. ഒന്നും വേണ്ട ആരോടും പറയില്ല എന്നാണ് അപ്പോള്‍ പറഞ്ഞത്. എന്തായാലും കൊച്ചിയില്‍ നിന്ന് ഇതുവരെ വന്നതല്ലേയെന്ന് പറഞ്ഞ് ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് പണം അയക്കുകയായിരുന്നു. അതിന്റെ ആവശ്യം ഇല്ലെന്നും കഥ സാറിന് ഇഷ്ടപ്പെടാത്ത സ്ഥിതിക്ക് അതിന്റെ ആവശ്യം ഇല്ലെന്നും പറഞ്ഞ് അത് അവിടെ അവസാനിപ്പിക്കുകയുമായിരുന്നു.