മാഡ്രിഡ്: ലാലാഗിയിൽ 2024/25 സീസണിലെ ആദ്യ ജയം നേടി നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ്, റയൽ വല്ലഡോളിഡിനെ കീഴടക്കി. ബ്രസീലിയൻ വണ്ടർ കിഡ് എൻഡ്രിക്കിന് റയലിന്റെ ജേഴ്സിയിൽ ചരിത്രം കുറിച്ച ഗോളോടെ അരങ്ങേറ്റം ഗംഭീരമാക്കാനുമായി. വാൽവെർഡെ, ബ്രഹിം ഡിയാസ് എന്നിവരാണ് റയലിന്റെ മറ്റ് സ്കോറർമാർ. അതേസമയം ഫ്രഞ്ച് ക്യാപ്ടൻ കിലിയൻ എംബാപ്പെയ്ക്ക് സാന്റിയാഗോ ബെർണബ്യുവിൽ അരങ്ങേറ്റം മികച്ചതാക്കാനായില്ല. ഈസീണിലെ ആദ്യ മത്സരത്തിൽ മയ്യോർക്കയോട് 1-1ന്റെ സമനിലയിൽ കുരുങ്ങിയ റയലിന്റെ ശൈലി മാറ്റിയാണ് വല്ലഡോളിഡിനെതിരെ കോച്ച് ആൻസലോട്ടി ടീമിനെ കളത്തിലിറക്കിയത്. മയ്യോർക്കയ്‌ക്ക് എതിരെ വിനീഷ്യസ്, റോഡ്രിഗോ എന്നിവരെ വശങ്ങളിലും എംബാപ്പെയയെ സെന്റ്ർ സ്ട്രൈക്കറുമാക്കി 4-3-3 ഫോർമേഷനായിരുന്നു. എന്നാൽ വല്ലഡോളിഡിനെതിരെ എംബാപ്പെയെ പ്രധാന സ്ട്രൈക്കറാക്കി തൊട്ടുപിന്നിൽ റോഡ്രിഗോ,ഗുലെർ, വിനീഷ്യസ് എന്നിവരെ അണി നിരത്തി 4-2-3-1 ശൈലിയാണ് ആൻസലോട്ടി സ്വീകരിച്ചത്.
ഇത്തവണ പ്രമോഷൻ കിട്ടിയെത്തിയ വല്ലഡോളിഡ് റയലിനെ ആദ്യ പകുതയിൽ ഗോൾ വഴങ്ങാതെ പിടിച്ചു കെട്ടി. ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമാണ് റയലിന് ടാർജറ്റിലേക്ക് തൊടുക്കാനായത്. എന്നാൽ രണ്ടാം പകുതിയിൽ റയൽ ഗിയർ മാറ്റി. 50-ാം മിനിട്ടിലാണ് വാൽവെർഡെ ലോ ഫ്രീകിക്കിലൂടെ റയലിന്റെ അക്കൗണ്ടിൽ ആദ്യ ഗോൾ എത്തിക്കുന്നത്. 88-ാം മിനിട്ടിൽ മിലാറ്റാവൊ നീട്ടി നൽകിയ പന്ത് മനോഹരമായി ക്ലിയർ ചെയ്ത് ഡിയാസ് റയലിന്റെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയുടെ അധിക സമയത്താണ് (90+6) എൻഡ്രിക്ക് രണ്ട് വല്ലഡോളിഡ് ഡിഫൻഡർമാരെയും ഗോളിയേയും നിഷ്പ്രഭരാക്കി തകർപ്പൻ വലങ്കാലൻ ഷോട്ടിലൂടെ തന്റെ വരവറിയിച്ച് റയലസിന്റെ ജയമുറപ്പിച്ച ഗോൾ നേടിയത്. 86-ാം മിനിട്ടിൽ എംബാപ്പെയ്ക്ക് പകരക്കാരനായാണ് എൻഡ്രിക്ക് വന്നത്.
ലാലിഗയിൽ റയൽ മാഡ്രിഡിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശതാരമെന്ന റെക്കാഡ് എൻഡ്രിക്ക് സ്വന്തമാക്കി. വല്ലഡോളിഡിനെതിരെ ഗോൾ നേടുമ്പോൾ 18 വർഷവും 35 ദിവസവുമായിരുന്നു എൻഡ്രിക്കിന്റെ പ്രായം. ഫ്രഞ്ച് താരം റാഫേൽ വാനെയുടെ പേരിലുണ്ടായിരുന്ന റെക്കാഡാണ് എൻഡ്രിക്ക് തിരുത്തിയത്.