kerala

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെര്‍മിറ്റ് സംവിധാനം നടപ്പിലാക്കാന്‍ കേരളം വൈകിയപ്പോള്‍ പണി കിട്ടിയത് ടാക്‌സി ഡ്രൈവര്‍മാര്‍ക്ക്. ഇതോടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വാഹനങ്ങളുമായി കേരള അതിര്‍ത്തി വിട്ട് ഓട്ടം പോകാന്‍ കഴിയാത്ത സ്ഥിതിയുമുണ്ടായി. കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ പെര്‍മിറ്റ് പുതുക്കല്‍ ഓണ്‍ലൈന്‍ വഴിയാക്കിയപ്പോള്‍ കേരളം ഇത് നടപ്പിലാക്കിയത് 2022ല്‍ മാത്രമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഭീമമായ കുടിശിക അടയ്‌ക്കേണ്ട സ്ഥിതിയാണ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കുണ്ടായത്.

2018 മുതല്‍ പുതുക്കിയ നിരക്കില്‍ 2022 വരെ ഒരുയാത്രയ്ക്ക് 360രൂപ ഈടാക്കേണ്ടിയിരുന്നിടത്ത് കേരള രജിസ്ട്രേഷന്‍ വാഹനങ്ങളില്‍നിന്ന് 250 രൂപയാണ് വാങ്ങിയിരുന്നത്.വിവിധ ചെക്പോസ്റ്റുകളില്‍ ഓഡിറ്റ് നടത്തിയതോടെ കേരള രജിസ്ട്രേഷനിലുള്ള വണ്ടികള്‍ ഓരോ യാത്രയ്ക്കും 105 രൂപവീതം സേവനനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇവ കരിമ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തു. ഒരു ചെക്പോസ്റ്റില്‍ത്തന്നെ 15,000 രൂപയോളം കുടിശ്ശിക അടയ്‌ക്കേണ്ട ടാക്‌സി ഡ്രൈവര്‍മാരുണ്ടെന്നതാണ് നിലവിലെ അവസ്ഥ.

അയല്‍സംസ്ഥാനങ്ങളിലേക്ക് യാത്രപോകുന്നതിന് തൊട്ടുമുമ്പ് ഓണ്‍ലൈനായി പെര്‍മിറ്റ് എടുക്കാനൊരുങ്ങുമ്പോഴാണ് പലരും കുടിശ്ശികയുടെ വിവരം അറിയുന്നത് തന്നെ. തുക ഓണ്‍ലൈനായി അടയ്ക്കാമെങ്കിലും യൂസര്‍നെയിമും പാസ്വേഡും ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് ലഭിക്കുന്നമുറയ്‌ക്കേ പണമടയ്ക്കാനാകൂവെന്ന വ്യവസ്ഥയുണ്ട്.

ഓഫീസ് അവധിയാണെങ്കില്‍ കാത്തിരിക്കേണ്ടിവരുമെന്നും ഇതുമൂലം രാത്രിയിലും അവധിദിവസങ്ങളിലും കിട്ടുന്ന ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരുന്നുവെന്നും ഇത് കാരണം സാമ്പത്തിക നഷ്ടമാണുണ്ടായതെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നത്. കരിമ്പട്ടികയില്‍ വാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വിവരം നേരത്തേതന്നെ ഫോണില്‍ സന്ദേശമായി നല്‍കാറുണ്ടെന്നാണ് ആര്‍.ടി.ഒ. ഓഫീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.