bank

ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ഇന്നത്തെക്കാലത്ത് ആരോടും പ്രത്യേകം ചോദിക്കേണ്ട കാര്യമില്ല. ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന സംവിധാനമായി യു.പിഐ പേമെന്റ് രീതികള്‍ ഇതിനോടകം മാറിക്കഴിഞ്ഞു. പണമിടപാട് വളരെ വേഗത്തില്‍ ഏത് സമയത്തും നടക്കുമെന്ന ഗുണമുണ്ടെങ്കിലും അക്കൗണ്ടില്‍ നിന്ന് പണം ചിലവാകുന്നത് അറിയുന്നില്ലെന്നതാണ് ഈ സംവിധാനം കൊണ്ട് ഉള്ള ഒരു പ്രശ്‌നം.

ഓണ്‍ലൈനായി പണം ഇടപാട് നടത്തുന്നതിനാല്‍ തന്നെ കയ്യിലെ കാശിന്റെ അളവ് കുറഞ്ഞ് വരുന്നത് പലരും ശ്രദ്ധിക്കാറില്ല. പണം എവിടെയൊക്കെ എപ്പോഴൊക്കെ ചിലവാക്കിയെന്ന് ആലോചിച്ച് പിന്നീട് തലപുകയ്ക്കുമ്പോഴാണ് ബാങ്കുകളുടെ സേവനമായ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റുകളെ കുറിച്ച് ഓര്‍ക്കുന്നത്. പണമിടപാട് സംബന്ധിച്ച വിശദമായ ഇൗ റിപ്പോര്‍ട്ടിന് ഒന്നല്ല ഒരുപാട് ഗുണങ്ങളുണ്ടെന്നതാണ് സവിശേഷത. സ്ഥരമായി ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ചാല്‍ നിരവധി ഗുണങ്ങളാണുള്ളത്.

അക്കൗണ്ടിലെ പണം എവിടെ, എന്തിനാണ് ചെലവഴിച്ചതെന്ന് മനസിലാക്കുകയും, രേഖകളില്‍ പൊരുത്തക്കേടുണ്ടെങ്കില്‍, കണ്ടുപിടിക്കാനും ഭാവിയില്‍ ആശയക്കുഴപ്പം ഒഴിവാക്കാനും കഴിയും. ഡിജിറ്റല്‍ ഇടപാടുകളുടെ കൂടെപ്പിറപ്പായ ഓണ്‍ലൈന്‍ തട്ടിപ്പ് ഒരു പരിധി വരെ തടയാമെന്നതാണ് മറ്റൊരു സവിശേഷമായ നേട്ടം. നിങ്ങളറിയാതെ ട്രാന്‍സാക്ഷന്‍സ് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനും, വഞ്ചനാപരമായ ഇടപാടുകള്‍ കണ്ടെത്തുന്നതിനും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കുന്നതിലൂടെ സാദ്ധ്യമാകും.

പല സേവനങ്ങളും സൗജന്യമാണെങ്കിലും ചില ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ബാങ്കുകള്‍ നിരക്ക് ഈടാക്കാറുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് വിവിധ ചാര്‍ജ്ജുകളെക്കുറിച്ച് പലപ്പോഴും ധാരണയുണ്ടാകില്ല.. ഉദാഹരണത്തിന്, ചില ബാങ്കുകള്‍ ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് നല്‍കുന്നതിനും മറ്റും ഫീസ് ഈടാക്കാറുണ്ട്. ഇത്തരം ചാര്‍ജ്ജുകള്‍ അറിയുന്നതിനായി മാസം തോറും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് സഹായകമാണ്. ചിലപ്പോള്‍ പിഴ ആവശ്യമില്ലാത്ത ഇടപാടുകളിലും ബാങ്കുകള്‍ തെറ്റായി ഫീസ് ചുമത്തിയെന്ന് വരാം. ഇത് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യാം എന്നതാണ് മറ്റൊരു ഗുണം.