liquor
പ്രതീകാത്മക ചിത്രം

മദ്യത്തിന്റെ ഉപയോഗത്തില്‍ മലയാളിയെ തോല്‍പ്പിക്കാന്‍ ആളില്ലെന്ന തരത്തില്‍ പലപ്പോഴായി അഭിപ്രായങ്ങളുയരാറുണ്ട്. നമ്മുടെ നാട്ടിലെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവും ബാറുകളിലെ തിരക്കുമൊക്കെയാണ് ഇങ്ങനെ ഒരു അഭിപ്രായം ഉണ്ടാകാനുള്ള കാരണം. മാത്രവുമല്ല ഓണം, ക്രിസ്മസ്, ന്യൂഇയര്‍ പോലുള്ള ഉത്സവ വേളകളില്‍ നടക്കുന്ന റെക്കോഡ് വില്‍പ്പനയും ഈ അഭിപ്രായത്തിന് ശക്തിപകരുന്നവയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളമല്ല രാജ്യത്ത് ഏറ്റവും അധികം പണം മദ്യത്തിനായി ചെലവാക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസി കണക്കുകള്‍ പുറത്ത് വിട്ടത്. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും നഗര ജനസംഖ്യയില്‍ ഉയര്‍ന്ന വിഹിതവുമുള്ള സംസ്ഥാനങ്ങളില്‍ എക്‌സൈസ് വരുമാനം കൂടുതലാണ്. ആഭ്യന്തര ടൂറിസ്റ്റുകളെ അപേക്ഷിച്ച് വിദേശ ടൂറിസ്റ്റുകളുടെ വരവ് കൂടുതലുളള സംസ്ഥാനങ്ങളിലും എക്‌സൈസ് വരുമാനം ഉയര്‍ന്നതാണെന്നും കണക്കുകള്‍ പറയുന്നു.

സ്വകാര്യ ഏജന്‍സികളില്ലാത്തതും ബിവറേജസ് കോര്‍പ്പറേഷന്‍ നേരിട്ട് മാത്രം മദ്യ വില്‍പ്പന നടത്തുന്നതുമാണ് കേരളത്തില്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മദ്യത്തിനായി ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ചെലവുളളത്.സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണ്‍സ്യൂമര്‍ പിരമിഡ്സ് ഹൗസ്ഹോള്‍ഡ് സര്‍വേ 2022-23 പ്രകാരം തെലങ്കാനയില്‍ 1,623 രൂപയാണ് മദ്യത്തിനായുളള പ്രതിശീര്‍ഷ ഉപഭോഗത്തിന്റെ ചെലവ്.

ഉയര്‍ന്ന ശരാശരി വാര്‍ഷിക പ്രതിശീര്‍ഷ ഉപഭോഗ ചെലവുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ് 1,306 രൂപയും ഛത്തീസ്ഗഢ് 1,227 രൂപയും പഞ്ചാബ് 1,245 രൂപയും ഒഡീഷ 1,156 രൂപയും ഉള്‍പ്പെടുന്നു. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഗോവ, ജാര്‍ഖണ്ഡ്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് മദ്യത്തിനുളള ചെലവ് കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.