ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും സീറ്റ് ധാരണയിലെത്തി. 90 സീറ്റുകളിൽ 51ൽ നാഷണൽ കോൺഫൻസും 32ൽ കോൺഗ്രസും മത്സരിക്കും. ഓരോ സീറ്റുകൾ സി.പി.എമ്മിനും പാന്തേഴ്സ് പാർട്ടിക്കും നൽകും. അഞ്ചു സീറ്റുകളിൽ സൗഹാർദ്ദ മത്സരം നടക്കും.
കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ വീട്ടിലെത്തി സഖ്യ ചർച്ച തുടങ്ങിയെങ്കിലും സീറ്റ് ധാരണയായിരുന്നില്ല. ചില സീറ്റുകളിൽ തർക്കമുയർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും സൽമാൻ ഖുർഷിദും ശ്രീനഗറിലെത്തി നടത്തിയ ചർച്ചയിലാണ് ധാരണയായത്. 87ന് ശേഷം ആദ്യമായാണ് ഇരു പാർട്ടികളും തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലേർപ്പെടുന്നത്.
അതേസമയം ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന് പ്രഖ്യാപിച്ച 44 പേരുടെ ആദ്യ പട്ടിക ബി.ജെ.പി. പിൻവലിച്ചു. ഒന്നാം ഘട്ടത്തിലേക്ക് 16 പേരുൾപ്പെട്ട പട്ടിക രണ്ടാമതിറക്കുകയും ചെയ്തു. രണ്ട്, മൂന്ന് ഘട്ടങ്ങളിലേക്ക് പ്രഖ്യാപിച്ച പേരുകളാണ് വെട്ടിയത്. ഒന്നാംഘട്ടം പത്രിക സമർപ്പണം നാളെ അവസാനിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നവരുൾപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി നിശ്ചയിച്ച 44 പേരുടെ പട്ടികയാണ് ഇന്ന് ആദ്യം പുറത്തിറക്കിയത്. ഇതോടെ സ്ഥാനാർത്ഥി മോഹികളും അനുയായികളും സംസ്ഥാന ബി.ജെ.പി ഓഫീസിൽ പ്രതിഷേധിക്കുകയായിരുന്നു. ഇവരുമായി ചർച്ചയ്ക്ക് ശേഷം 15 പേരുടെ പട്ടികയും പിന്നീട് കോക്കർനാഗ് മണ്ഡലത്തിലേക്ക് ചൗധരി റോഷൻ ഹുസൈൻ ഗുജ്ജറിന്റെ പേരും പ്രഖ്യാപിച്ചു.
മുൻ മന്ത്രി സുനിൽ ശർമ്മ (പദെർ നഗ്സെനി), വൈസ് പ്രസിഡന്റ് ശക്തി രാജ് പരിഹാർ (ദോഡ വെസ്റ്റ്) എന്നിവർ പട്ടികയിലുണ്ട്. കാശ്മീരി പണ്ഡിറ്റുകളും 14 മുസ്ലീം സ്ഥാനാർത്ഥികളും അടങ്ങിയ ആദ്യ പട്ടികയിലെ പലരും കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പി.ഡി.പി, പാന്തേഴ്സ് പാർട്ടികളിൽ നിന്ന് ബി.ജെ.പിയിൽ ചേർന്നവരാണ്.
സെപ്തംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി 90 സീറ്റിലും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. അതേസമയം കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, സി.പി.എം പാർട്ടികൾ സഖ്യത്തിലാണ്. പി.ഡി.പി ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.