വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മിഷനിംഗിന് മുമ്പ് കൊളംബോ തുറമുഖത്തിന് തിരിച്ചടി. ട്രാൻസ്ഷിപ്പ്മെന്റ് അളവ് തുടർച്ചയായ മൂന്നാം മാസവും കുറഞ്ഞതായാണ് കൊളംബോയിലെ മാദ്ധ്യമ റിപ്പോർട്ട്.
കൊളംബോ തുറമുഖത്തേക്കുള്ള കണ്ടെയ്നർ കപ്പലുകളുടെ എണ്ണവും ഈ മാസത്തിൽ 17.8 ശതമാനം കുറഞ്ഞ് 277 കപ്പലുകളായി. റിപ്പോർട്ടുകൾ പ്രകാരം വിഴിഞ്ഞം കോളുകൾക്കുള്ള കപ്പൽ സംബന്ധമായ ചാർജുകൾ (വി.ആർ.സി) കൊളംബോ തുറമുഖത്തെ റേറ്റിംഗ് സ്കെയിലിനേക്കാൾ വളരെ കുറവാണ്. 30,000 ഗ്രോസ് രജിസ്റ്റേർഡ് ടണ്ണിന്, 24 മണിക്കൂർ ബെർത്ത് സ്റ്റേ ആവശ്യമായി വരുമ്പോൾ കൊളംബോയിൽ 21,000 യു.എസ് ഡോളറും വിഴിഞ്ഞത്ത് ഏകദേശം 10,000 യു.എസ് ഡോളറുമാണ് ചെലവാകുക. ഇന്ത്യൻ ചരക്കുകൾക്കുള്ള ട്രാൻസ്ഷിപ്പ്മെന്റ് കോളുകളിൽ ചിലത് കൊളംബോ തുറമുഖം വഴി വിഴിഞ്ഞം തുറമുഖത്തേക്ക് മാറ്റുന്നതിന് മെഴ്സ്ക് കമ്പനി നെറ്റ്വർക്ക് നവീകരണ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ആഗസ്റ്റ് 11ന് ആഫ്രിക്കയിലെ ടോഗോ പോർട്ടിൽ നിന്ന് യാത്രതിരിച്ച എം.എസ്.സി ഡയാല എന്ന കപ്പൽ 30നോ 31നോ വിഴിഞ്ഞത്ത് അടുക്കുമെന്നാണ് വിവരം. 13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള വമ്പൻ കണ്ടെയ്നർ കപ്പലാണിത്.