ന്യൂയോർക്ക് : സീസണിലെ അവസാന ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റായ യു.എസ് ഓപ്പണിന്റെ പുത്തൻ പതിപ്പിന് തുടക്കമായി. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ യു.എസ് താരം അമാൻഡ അനിസിമോവയെ കീഴടക്കി പാരീസ് ഒളിമ്പിക്സ് വനിതാ സിംഗിൾസിലെ സ്വർണ മെഡൽ ജേതാവ് ചൈനയുടെ ക്വിൻവെൻ ഷെംഗ് രണ്ടാം റൗണ്ടിൽ കടന്നു. ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് റൗണ്ടിലും മികച്ച പ്രകടനം നടത്തി ക്വിൻവെൻ ജയിച്ചുകയറിയത്. സ്കോർ: 4-6, 6-4,6-2. ഉക്രൈനിന്റെ എലീന സ്വിറ്റോലിന, ക്രൊയേഷ്യൻ താരം ഡോണ വെകിച്ച് എന്നിവരും രണ്ടാം റൗണ്ടിൽ എത്തി. പുരുഷ സിംഗിൾസിൽ അലക്സാണ്ടർ സ്വരേവ് മുന്നേറിയപ്പോൾ ഡൊമിനിക്ക് തീമിനെ യു.എസ് യുവതാരം ബെൻ ഷെൽട്ടൺ വീഴ്ത്തി.