കണ്ണൂർ : ഒരിടവേളയ്ക്ക് ശേഷം വെളുത്തുള്ളി വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 300 മുതൽ 340 വരെയാണ് ഇന്നലെ ജില്ലയിലെ ഹോൾസെയിൽ മാർക്കറ്റിലെ വെളുത്തുള്ളി വില. റീട്ടെയിൽ വിപണിയിൽ 100 വെളുത്തുള്ളി ലഭിക്കണമെങ്കിൽ 35 - 40 രൂപ നൽകണം. ഈവർഷം ജനുവരിയിൽ വെളുത്തുള്ളി വില റെക്കോർഡിലെത്തിയിരുന്നു.
അതിനു ശേഷം കുറഞ്ഞ് 200ൽ താഴെയെത്തി. ഈവർഷം ആദ്യംമുതൽ കൂടിയും കുറഞ്ഞു വെളുത്തുള്ളി വില ജനങ്ങളെ പൊള്ളിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് വീണ്ടും വില വർദ്ധിക്കാൻ തുടങ്ങിയത്. മഹാരാഷ്ട്രയിൽ നിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥാവ്യതിയാനം കാരണം മഹാരാഷ്ട്രയിൽ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.
ഊട്ടി, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സാധാരണ വെളുത്തുള്ളി വരാറുണ്ടെങ്കിലും ഉത്പാദനക്കുറവ് കാരണം ഇത്തവണ വന്നില്ല. മഴ നീണ്ടുനിന്നതാണ് വെളുത്തുള്ളി കൃഷിയെ ബാധിച്ചത്.
വെളുത്തുള്ളിക്ക് പുറമേ വലിയുള്ളിക്കും വില വർദ്ധിക്കുന്നുണ്ട്. കിലോയ്ക്ക് 25 രൂപയുണ്ടായിരുന്ന വലിയുള്ളി 45 - 50 രൂപയായി. സ്റ്റോക്കില്ലാത്തതാണ് വില വർദ്ധിക്കാൻ കാരണമായി വ്യാപാരികൾ പറയുന്നത്. നിലവിൽ ഇപ്പോൾ വലിയുള്ളി സീസണല്ല. മുമ്പുള്ള സ്റ്റോക്കാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തുന്നത്. ഇനിയും വില വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.