fish

കോഴിക്കോട്: ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍. മത്സ്യലഭ്യതക്കുറവ് ജില്ലയിലെ വലിയൊരു ഭാഗം തൊഴിലാളികളെയും തളര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ബോട്ടുകള്‍ പെയര്‍ ട്രോളിംഗ് വഴി മീന്‍ പിടിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇരട്ടി പ്രഹരമാകുന്നത്. ഇത്തരത്തിലുള്ള മത്സ്യബന്ധനം ചെറിയ മീനുകളെ വരെ വാരിയെടുക്കാന്‍ ഇടയാക്കും. പെയര്‍ ട്രോളിംഗ് പാടില്ലെന്ന നിയമം നിലനില്‍ക്കേയാണിത്.

സ്വദേശികളും പെയര്‍ ട്രോളിംഗിന് നിര്‍ബന്ധിതരാവുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സംസ്ഥാനത്താകെ 44,000 രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളാണുള്ളത്. ജില്ലയില്‍ 5,000ല്‍ താഴെ രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളും 500ല്‍ താഴെ രജിസ്റ്റര്‍ ചെയ്യാത്ത വള്ളങ്ങളുമുണ്ട്. (ചെറിയ, വലിയ ബോട്ടുകള്‍, 40 പേര്‍ വരെ ജോലി ചെയ്യുന്ന വള്ളങ്ങള്‍, ചെറുതോണികള്‍ എന്നിവ ഉള്‍പ്പെടെയാണിത്). കടലില്‍ അപകടമുണ്ടായാല്‍ ഓടിയെത്തേണ്ട ജില്ലയിലെ മറൈന്‍ ആംബുലന്‍സുകളും പ്രവര്‍ത്തനരഹിതമാണ്. അപകടത്തില്‍പ്പെടുന്നവരെ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് രക്ഷിച്ച് കരയ്‌ക്കെത്തിക്കുന്നത്.

ഇന്‍ഷ്വറന്‍സ് കിട്ടില്ല

അപകടത്തില്‍ മരണമുണ്ടായാല്‍ ഇന്‍ഷ്വറന്‍സ് കിട്ടുന്നതും പ്രയാസമാണ്. കടലില്‍ വച്ച് കുഴഞ്ഞുവീണാല്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകും. ഇതുകാണമാണ് പല മരണങ്ങളും സംഭവിക്കുന്നത്. എന്നാല്‍ കടലില്‍ വീണുള്ള അപകടങ്ങള്‍ക്കാണ് ഇന്‍ഷ്വറന്‍സ് കിട്ടുക.

12 നോട്ടിക്കല്‍ മൈലിനപ്പുറത്ത് കടലില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പൊലീസിനോ സര്‍ക്കാരിനെ ഇടപെടാനാവില്ല. പെയര്‍ ട്രോളിംഗ് നടത്തുന്നത് ഇതിനപ്പുറത്താണ്. രാവിലെ അഞ്ചിന് തുടങ്ങി രാത്രി ഏഴിനാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നത്. ഈ സമയത്ത് ഹാര്‍ബറില്‍ ഉദ്യോസ്ഗസ്ഥര്‍ ഉണ്ടാവില്ല. ഇതാണ് ഇവര്‍ക്ക് കൂടുതല്‍ സൗകര്യമാവുന്നത്. ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ആളുവേണം. -പീതംബരന്‍, ബി.എം.പി.എസ് സംസ്ഥാന പ്രസിഡന്റ്