ചടയമംഗലം :ഉത്സവ സീസൺ ലക്ഷ്യമിട്ട് അതിർത്തിക്കപ്പുറത്ത് നിന്ന് കഞ്ചാവ് കടത്താൻ പുതുതന്ത്രങ്ങളുമായി പുതിയ കച്ചവടക്കാർ രംഗത്ത്. കഴിഞ്ഞ ദിവസം ചടയമംഗലം ഏക്‌സൈസ് രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയ വാമനപുരം സ്വദേശികളായ ഷെഫീക്കും പ്രശാന്തും ഹോൾസെയിലർമാരാണെങ്കിലും എക്‌സൈ്സ് ലിസ്‌റ്റിൽ ഇതുവരെയുണ്ടായിരുന്നവരല്ല.
ചെക്ക്‌പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള ഊട് വഴികളിലൂടെ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നു. ചില ഘട്ടങ്ങളിൽ ചെക്ക്‌പോസ്‌റ്റുകളെ ഒഴിവാക്കാൻ വാഹനം സൈഡാക്കി കാൽനടയായും കടക്കുന്നതായി എക‌്‌സൈസ് പറയുന്നു. ചെക്ക്‌പോസ്‌റ്റിലെ കർശന പരിശോധന ഒഴിവാക്കാൻ ഫാമിലി ട്രിപ്പിന്റെ മറവിലും കാറിൽ കഞ്ചാവ് കടത്തുന്നതായി എക്‌സൈസ് കൂട്ടിചേർത്തു.
പല ബിസിനസുകൾ പരീക്ഷിച്ചു തിരിച്ചടി നേരിട്ട പലരും ഈ രംഗത്തേക്ക് തിരിഞ്ഞിരിക്കുന്നു. ചിലർ കഞ്ചാവിന്റെ ഹോൾസെയിലർമാരാണെന്ന് കുടുംബത്തിന് പോലും അറിയില്ല.ചില്ലറ കച്ചവടക്കാർ പിടിയിലായി ചോദ്യം ചെയ്യപ്പെടുന്നതോടെയാണ് ലിസ്‌റ്റിൽ ഇല്ലാത്ത മൊത്ത കച്ചവടക്കാരെ കുറിച്ച് എക്‌സൈസിന് വിവരം ലഭിക്കുന്നത്.