actor-namitha

മധുര: മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിതയെയും ഭർത്താവിനെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി ആരോപണം. ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും നടി ആരോപിക്കുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

'ഇന്ന് രാവിലെയാണ് ഞങ്ങൾ മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. വിഐപി പ്രവേശനത്തിനായി അനുമതി വാങ്ങാൻ ഞങ്ങൾ ഒരു ഉദ്യോഗസ്ഥന്റെ അടുത്ത് പോയി. അദ്ദേഹം വളരെ പരുഷമായ രീതിയിലാണ് പെരുമാറിയത്. 20 മിനിറ്റോളം അവിടെ കാത്തിരുന്നു. ശേഷം ഞാൻ ഭർത്താവിനോട് എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കാൻ പറഞ്ഞു. അവർ ഞങ്ങളോട് ഹിന്ദു ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവർത്തിച്ച് ചോദിച്ചുക്കൊണ്ട് ഇരുന്നു. രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുണ്ട് അവിടെ എവിടെയും ഇത്തരം ഒരു അനുഭവം നേരിട്ടിട്ടില്ല',- നമിത വ്യക്തമാക്കി.

സംഭവത്തിൽ ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ശക്തമായ നടപടി സ്വീകരിക്കണമെന്നും നമിത ആവശ്യപ്പെട്ടു. തിരുപ്പതിയിലാണ് നമിതയുടെ വിവാഹം നടന്നത്. താനും ഭർത്താവും ഹിന്ദുക്കളാണെന്നും രാജ്യത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും നമിത കൂട്ടിച്ചേർത്തു.

എന്നാൽ നടിയുടെ ആരോപണത്തെ ക്ഷേത്രത്തിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ നിഷേധിച്ചു. മാസ്ക് ധരിച്ചതിനാലാണ് തടഞ്ഞ് നിർത്തി വിവരങ്ങൾ തേടിയതെന്നും ഇത് പതിവ് രീതിയാണെന്നും അധികൃതർ വിശദീകരിച്ചു.