phone

മദ്യവും പുകയില ഉൽപന്നങ്ങളും നിരോധിച്ച ഒരു ഗ്രാമത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? വിദേശത്തൊന്നുമല്ല ഇന്ത്യയിൽ തന്നെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ജാകേകുർവാഡി എന്ന ഗ്രാമത്തിലാണ് മദ്യവും പുകയിലയും നിരോധിച്ചിട്ടുള്ളത്. അത് മാത്രമല്ല ഇവിടെയുള്ളവർ വെെകിട്ട് ആറ് മണി മുതൽ എട്ട് മണിവരെ ടിവിയും മൊബെെൽ ഫോണും ഉപയോഗിക്കില്ല. വിദ്യാർത്ഥികൾക്കും മറ്റും പഠിക്കാനാണ് ഈ നിയമം കൊണ്ടുവന്നത്.

അമർ സൂര്യവംശിയാണ് ഈ ഗ്രാമത്തിലെ സർപഞ്ച്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഈ ഗ്രാമം വെറും നാല് വർഷം കൊണ്ടാണ് വലിയ മാറ്റങ്ങൾക്ക് വിധേയമായത്. ഇവിടെ മദ്യപിക്കുന്നവർക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. മദ്യം ഗ്രാമത്തിനുള്ളിലേക്ക് കൊണ്ടുവരാൻ പോലും പാടില്ല. പുകയില ഉൽപന്നങ്ങളുടെ വിൽപനയും നിരോധിച്ചിട്ടുണ്ട്. ഈ ഗ്രാമം മഹാരാഷ്ട്രയിലെ മറ്റ് ഗ്രാമങ്ങൾക്ക് ഒരു മാതൃകയാണെന്ന് തന്നെപറയാം. ഗ്രാമത്തിൽ ഭൂഗർഭ അഴുക്കുചാലും ഉണ്ട്. മഹാന്മാരുടെ ജന്മദിനങ്ങളും എല്ലാ മതപരമായ ഉത്സവങ്ങളും ജനങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്.

മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഉമർഗ തഹ്സിലിലാണ് ജാകേകുർവാഡി ഗ്രാമം സ്ഥിതി ചെയ്യുന്നത്. 651 ഹെക്ടറുള്ള ഈ ഗ്രാമത്തിൽ ആകെ 1,594 പേർ താമസിക്കുന്നതായാണ് കണക്ക്. ഇതിൽ 832 പുരുഷന്മാരും 762 സ്ത്രീകളുമുണ്ട്. സാക്ഷരതാ നിരക്ക് 64.24 ശതമാനമാണ്. ഇവിടെ ഏകദേശം 349 വീടുകളുണ്ടെന്നാണ് വിവരം.