തിരുവനന്തപുരത്തു മാത്രമല്ല, സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും ജനങ്ങൾ തെരുവുനായ്‌ക്കളുടെ ആക്രമണത്തിന് ഇരകളാവുകയാണ്. തലസ്ഥാന നഗരത്തിൽ രണ്ടുദിവസം മുൻപ് 38 പേരെയാണ് രണ്ട് തെരുവുനായ്‌ക്കൾ ഓടിച്ചിട്ടു കടിച്ചത്. ഇതിൽ ഒരെണ്ണത്തിനെ ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. ഏതു സമയത്തും നായ് കടി ഏൽക്കാമെന്ന ഭീതിയിലാണ് നഗരവാസികൾ. നഗരത്തിൽ പരിഭ്രാന്തി പടർത്തിയ തെരുവുനായയ്ക്ക് പേവിഷബാധയുണ്ടോ എന്നതിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പിടിയിലായ നായ പേട്ടയിലെ വെറ്ററിനറി കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. പേവിഷബാധ ഉണ്ടെങ്കിൽ മൂന്നു ദിവസത്തിനകം നായ ചത്തുപോകും. അതല്ല, മറ്റ് ഏതെങ്കിലും വൈറൽ ബാധ ഉണ്ടായാലും നായ്‌ക്കൾ ഇതുപോലെ ആക്രമണകാരികളാകും. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിൽ പേവിഷബാധ സംശയിക്കുന്ന നായ്‌ക്കളെ പിടികൂടി പത്തുദിവസം നിരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഈ നായ്ക്കൾ ചത്തുപോവുകയാണെങ്കിൽ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനിമൽ ഡിസീസസിൽ എത്തിച്ച് പരിശോധന നടത്തും. മറിച്ചായാൽ ഒന്നു മുതൽ 28 ദിവസം വരെ നിശ്ചിത ഇടവേളകളിൽ വാക്‌സിനേഷൻ നൽകി, പിടികൂടിയ സ്ഥലത്ത് തിരികെ വിടാനാണ് തീരുമാനം. ഇതാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ആക്രമണകാരികളായ നായ്ക്കളെ വീണ്ടും തെരുവിൽ വിട്ടാൽ അവ വീണ്ടും കൊച്ചുകുട്ടികളെ അടക്കം ആക്രമിക്കില്ലെന്ന് എന്താണ് ഉറപ്പ്? നായ്ക്കളെ കൊല്ലാൻ പാടില്ലെന്നു വാദിക്കുന്ന സംഘടനകൾ ഇത്തരം നായ്‌ക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും തയ്യാറാകേണ്ടതാണ്. തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ കുറച്ചുനാളത്തേക്ക് ഊർജ്ജിതമായി നടക്കുകയും പിന്നീട് മന്ദഗതിയിലാവുകയും മുടങ്ങുകയും ചെയ്യുന്നതാണ് പതിവ്. വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപം വ്യാപകമാണ്. ഈ വർഷം ഇതുവരെ 587 നായ്‌ക്കൾക്ക് വന്ധ്യംകരണവും 4567 നായ്‌ക്കൾക്ക് വാക്‌സിനേഷനും നൽകിയെന്നാണ് ഔദ്യോഗിക കണക്ക്.
നഗരത്തിൽ എണ്ണായിരത്തോളം തെരുവുനായ്‌ക്കളുണ്ടെന്നാണ് കോർപ്പറേഷൻ കണക്കാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. അതേസമയം, തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി അപേക്ഷകൾ പരിഗണിക്കുന്നത് നിറുത്തിവച്ചിരിക്കുന്നത് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം. കമ്മിറ്റി തുടരുന്ന കാര്യത്തിൽ സുപ്രീംകോടതി വ്യക്തത വരുത്താത്തതിനാലാണ് പ്രവർത്തനം നിറുത്തിവച്ചിരിക്കുന്നതെന്നാണ് വാർത്തകൾ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സുപ്രീംകോടതിയിൽ എന്ത് ഇടപെടലുകൾ നടത്താൻ കഴിയുമെന്ന് സർക്കാരും ആലോചിക്കേണ്ടതാണ്. 2016-ലാണ് സുപ്രീംകോടതി ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി രൂപീകരിച്ചത്. ഇതിനകം 1100 പേർക്ക് നഷ്ടപരിഹാരം അനുവദിച്ചു. ഇത് മുടങ്ങിപ്പോകുന്നത് ആശാസ്യമല്ല.
പേവിഷബാധയ്ക്ക് പ്രതിരോധമായി നൽകുന്ന വാക്‌സിൻ പല താലൂക്ക് ആശുപത്രികളിലും ഇല്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പതിപ്പിച്ച് വേണ്ടത്ര സ്റ്റോക്ക് എല്ലായിടത്തും ക്രമീകരിക്കാൻ നടപടി കൈക്കൊള്ളേണ്ടതാണ്.
നായ്ക്കളുടെ കടിയേറ്റാൽ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്‌കരണം നടത്താനും ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ബോർഡുകൾ പ്രധാന ഭാഗങ്ങളിൽ സ്ഥാപിക്കാനും നഗരസഭകളുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണം. നായ് കടിയേറ്റാൽ കുത്തിവയ്പ്പെടുക്കുകയാണ് സാധാരണ ചെയ്യുക. നായ കടിച്ചാൽ ചില പ്രത്യേക തരം ഭക്ഷണങ്ങൾ കഴിക്കരുത് തുടങ്ങിയ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ മാറ്റുന്നതിനു വേണ്ട വിശദീകരണവും ബോധവത്കരണവും വേണ്ടതാണ്. അതുപോലെ തന്നെ, വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് പേവിഷബാധയില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ട നടപടികൾ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.