തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുകയാണ്. അമ്മ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. ഇതിനിടെ ശ്രദ്ധേയമായ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.
മലയാള സിനിമയുടെ മാറുന്ന മുഖമെന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മഞ്ജുവിന്റെ പുതിയ ചിത്രമായ ഫുട്ടേജിന്റെ പോസ്റ്ററാണ് താരം പങ്കുവച്ചത്. വില്ലനെ അടിച്ച് താഴെയിടുന്ന നായികയുടെ ആക്ഷൻ രംഗമാണ് പോസ്റ്ററിലുള്ളത്. നിങ്ങളുടെ അടുത്ത തിയേറ്ററുകളിൽ സിനിമ കാണാമെന്ന് നടി കുറിച്ചിട്ടുമുണ്ട്. പോസ്റ്റർ സമൂഹമാദ്ധ്യങ്ങളിൽ വൈറലാവുകയാണ്.
ഇന്ന് ചേർന്ന് ഓൺലെെൻ യോഗത്തിന് പിന്നാലെയാണ് അമ്മ ഭരണസമിതി രാജി പ്രഖ്യാപിച്ചത്. താൽക്കാലിക ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകി. രണ്ട് മാസത്തിനകം പുതിയ ഭരണസമിതി രൂപീകരിക്കുമെന്നാണ് വിവരം.
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്. വിശാഖ് നായർ, ഗായത്രി അശോക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ ചിത്രസംയോജകനായ സൈജു ശ്രീധരന്റെ ആദ്യ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രകാട്ട് ഫിലിംസാണ്. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.