കോട്ടയം: എം.സി റോഡ് മണിപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് ദമ്പതികൾ മരിച്ചത്. മൂലവട്ടം പുത്തൻപറമ്പിൽ മനോജ് പി എസ് , ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. മനോജിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം. പമ്പിൽ പെട്രോൾ അടിച്ച ശേഷം ഇവർ സ്‌കൂട്ടറിൽ റോഡിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ദോസ്ത് പിക്കപ്പ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ റോഡരികിലേയ്ക്കു തെറിച്ച് രണ്ടു പേരും വീണു. ഇതു വഴി എത്തിയ ആംബുലൻസിൽ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തെ തുടർന്ന് എംസി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിരുന്നു.