finance
പ്രതീകാത്മക ചിത്രം

പട്‌ന: സംസ്ഥാനത്ത് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസില്‍ കുറവ് വരുത്താന്‍ തീരുമാനിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതോടെ വാഹനം വാങ്ങുമ്പോഴുള്ള പണച്ചെലവില്‍ വന്‍ കുറവ് വരുമെന്നതാണ് സാധാരണക്കാരനുണ്ടാകുന്ന നേട്ടം. സംസ്ഥാനത്ത് കൂടുതല്‍ വാഹനങ്ങളുടെ വില്‍പ്പന ലക്ഷ്യമിട്ടാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വാഹന രജിസ്‌ട്രേഷന്‍ ഫീസ് കൂടുതലാണ്. അതുകൊണ്ട് തന്നെ വില്‍പ്പന മന്ദഗതിയിലായിരുന്നു.

പുതിയ തീരുമാനത്തോടെ സംസ്ഥാനത്തെ വാഹന വില്‍പ്പനയില്‍ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡീലര്‍മാര്‍. ബൈക്ക്, ഓട്ടോ, കാര്‍ തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള 31 നിര്‍ദേശങ്ങള്‍ക്ക് നിതീഷ് മന്ത്രിസഭ അംഗീകാരം നല്‍കി. മോട്ടോര്‍സൈക്കിളിന്റെ രജിസ്‌ട്രേഷനായി 1500 രൂപയ്ക്ക് പകരം 1150 രൂപ നല്‍കിയാല്‍ മതിയാകും. ഇതിനുപുറമെ, ഓട്ടോ റിക്ഷയുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ് 5,650 രൂപയ്ക്ക് പകരം 1,150 രൂപയും കാറിന് 23,650 രൂപയ്ക്ക് പകരം 4,150 രൂപയും മാത്രമായിരിക്കും.

പെര്‍മിറ്റ്, വാണിജ്യ ഫീസ് മൂന്നിലൊന്നായി കുറച്ചു. 13 മുതല്‍ 23 വരെ ആളുകള്‍ക്ക് ഇരിക്കാവുന്ന മിനി ബസില്‍ 23650 രൂപയ്ക്ക് പകരം 7150 രൂപ മാത്രം നല്‍കണം. ഫീസ് വന്‍ തോതില്‍ കുറച്ചത് കാരണം ബീഹാറില്‍ ചെറുകിട ഇടത്തരം വാണിജ്യ വാഹനങ്ങളുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ബീഹാര്‍ ഗതാഗത മന്ത്രി ഷീല മണ്ഡല്‍ സ്വാഗതം ചെയ്തു. വാഹനങ്ങളില്‍ ഈടാക്കുന്ന രജിസ്‌ട്രേഷനും പെര്‍മിറ്റ് ഫീസും കുറയ്ക്കണമെന്ന് ബിഹാറില്‍ ഏറെ നാളായി ആവശ്യമുയരുന്നതായി ഷീല മണ്ഡല്‍ പറഞ്ഞു.