കൊച്ചി:യൂണിയൻ സ്ഥാപകനേതാവും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ ഭാഗ്യലക്ഷ്‌മിയ്‌ക്ക് നേരെയുണ്ടായ വധഭീഷണിയിൽ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഫെഫ്‌ക അനുബന്ധ സംഘടനയായ ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിങ് ആർടിസ്റ്റ്. മുഖ്യമന്ത്രിയ്‌ക്ക് നൽകിയ പരാതിയിലാണ് സംഘടന നടപടി ആവശ്യപ്പെട്ടത്. സിനിമ, ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംരക്ഷണത്തിനും നടപടി വേണമെന്ന് സംഘടനാ പ്രസിഡന്റ് ഷോബി തിലകൻ, സെക്രട്ടറി ദേവി എസ് എന്നിവർ ആവശ്യപ്പെട്ടു. സംഘടന മുഖ്യമന്ത്രിയ്‌ക്ക് അയച്ച കത്തിന്റെ പൂർണരൂപം ചുവടെ.
ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ (ഫെഫ്ക) അനുബന്ധ സംഘടനയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിങ് ആർടിസ്റ്റ്. നമ്മുടെ യൂണിയന്റെ സ്ഥാപക നേതാവും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രധാനിയും , സുപ്രസിദ്ധ ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയ്ക്ക് ഉണ്ടായ ഒരു വധഭീഷണിയുമായി ബന്ധപ്പെട്ട പരാതി നൽകുന്നതിലേക്കാണ് ഇങ്ങനെ ഒരു കത്ത് ഇപ്പോൾ അങ്ങയുടെ സമക്ഷത്തേക്ക് അയക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഉണ്ടായ സിനിമാരംഗത്തെ നിരവധി കാര്യങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. അതിൽ എല്ലായ്‌പ്പോഴും നിഷ്പക്ഷമായി പൊതുരംഗത്ത് തന്റെ അഭിപ്രായം വളരെ സജീവമായി സുവ്യക്തതയോടെ തന്നെ ശ്രീമതി ഭാഗ്യലക്ഷ്മി രേഖപ്പെടുത്തുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം ഡബ്ലിയു.സി.സി. യുമായി ചേർന്ന് നടന്മാർക്കെതിരെ സംസാരിച്ചാൽ വീട്ടിൽ കയറി ജീവഹാനി ഉണ്ടാക്കും എന്ന തരത്തിൽ ഒരു വ്യക്തി ഫോണിലൂടെ ഭീഷണിപ്പെടുത്തുകയുണ്ടായി.
ഇത് അങ്ങേയറ്റം അപലപനീയമായ ഒരു പ്രവർത്തിയായി കണ്ടു ഡബ്ബിങ് യൂണിയൻ അപ്പോൾ തന്നെ അതിൽ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി.
ഇത്തരത്തിലുള്ള പ്രവണത വീണ്ടും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയും, സിനിമ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ആവശ്യമായ സത്വര നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും കൈക്കൊള്ളണമെന്ന് താഴ്മയായി അങ്ങയോട് അപേക്ഷിക്കുന്നു.