land

ന്യൂഡൽഹി: കോടിക്കണക്കിന് വർ‌ഷങ്ങൾക്ക് മുൻപ് നമ്മുടെ ഭൂമിയിലാകെ വെള്ളമായിരുന്നു. ഒരു മഹാസമുദ്രമാണ് ഭൂമിയെയാകെ മൂടിയിരുന്നത്. ക്രമേണ ഭൂമിക്കടിയിലെ പ്രതിഭാസങ്ങളുടെ ഫലമായി കരഭാഗങ്ങൾ ഉയർന്നുവന്നു. പിന്നീട് ലോകമാകെയുള്ള ഒറ്റ ഭൂഖണ്ഡമായ പാൻജിയ ഉണ്ടായി. ക്രമേണ ഇതും വിഘടിച്ച് കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് ഇന്ന് നാം കാണുന്നതരത്തിൽ രാജ്യങ്ങളുണ്ടായി. ലോകത്ത് ആദ്യമായുണ്ടായ കരഭാഗം ഏതാണെന്ന ചോദ്യം ഏറെനാളായി കൗതുകം ഉണർത്തിയിരുന്ന ഒന്നാണ്. ഇപ്പോഴിതാ ഗവേഷകർ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുന്നു. സമുദ്രത്തിൽ നിന്നും ഉയർന്നുവന്ന ആ ഭാഗം ഇന്ന് ഇന്ത്യയിലുള്ള ഒരിടമാണ്.

700 മില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ കര രൂപപ്പെട്ടുതുടങ്ങി എന്ന് ശാസ്‌ത്രജ്ഞർ കണ്ടെത്തി. പിന്നാലെ 3.2 ബില്യൺ വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ജാർഖണ്ഡിലുള്ള സിംഗ്ഭും മേഖല ആദ്യമായി ഉയർന്നുവന്നു. നാഷണൽ അക്കാഡമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സിൽ അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഗവേഷകരാണ് കൗതുകമുണർത്തുന്ന കണ്ടെത്തൽ പുറത്തുവിട്ടത്. സിംഗ്‌ഭും മേഖലയിലെ മണൽകല്ലുകളെടുത്ത് പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. മൂന്ന് മില്യൺ വർഷത്തിലേറെ പഴക്കമുള്ള നദീതടങ്ങൾ, കടൽതീരങ്ങൾ, വേലിയേറ്റം ഉണ്ടായതിന്റെ സൂചനകൾ എന്നിവ ഇവിടെനിന്നും കണ്ടെത്താനായി.

3.5 മില്യൺ മുതൽ 3.2 മില്യൺ വരെ വർഷങ്ങൾക്ക് മുൻപ് ഭൂമിയുടെ പുറന്തോടിനുള്ളിൽ ചൂടേറിയ മാഗ്മ ക്രാറ്റൺ ഭാഗം കട്ടിയാകാൻ തുടങ്ങി. സിലിക്ക, ക്വാർട്‌സ് മുതലായ ഭാരം കുറഞ്ഞ ലോഹങ്ങളാൽ സമ്പന്നമായിരുന്നു ഇവിടം. തുടർന്ന് ക്രാറ്റൺ ചുറ്റുമുള്ള സാന്ദ്രതയേറിയ പാറകളെക്കാൾ കട്ടിയുള്ളതും എന്നാൽ രാസപരമായി മൃദുവുമായി തീർന്നു. ഇതോടെ ജലത്തിൽ നിന്നും ഉയർന്നുവന്ന് കരയായി മാറി. ഏകദേശം 50 കിലോമീറ്റർ ഭാഗം കരയിൽ കട്ടിയായിത്തീർന്നു. ഒരു മഞ്ഞുമലപോലെ സമുദ്രത്തിന് മുകളിൽ പൊങ്ങിക്കിടന്ന ഈ ഭാഗം നമ്മുടെ ഭൂമിയിലെ കരയുടെ ചരിത്രത്തിൽ പ്രധാന നാഴികകല്ലായി.