pic

ടെൽ അവീവ്: ഗാസയിൽ ഹമാസ് തടവിലാക്കിയ ബന്ദികളിൽ ഒരാളെ രക്ഷപെടുത്തി ഇസ്രയേൽ കമാൻഡോകൾ. ഇന്നലെ തെക്കൻ നഗരമായ റാഫയിലെ ഹമാസിന്റെ തുരങ്കത്തിൽ നടത്തിയ സങ്കീർണമായ ദൗത്യത്തിലൂടെ ഫർഹാൻ അൽ - ഖാദി എന്ന ഇസ്രയേലി - അറബ് വംശജനെയാണ് രക്ഷിച്ചത്.

ആശുപത്രിയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഇസ്രയേൽ അറിയിച്ചു. ഇതോടെ ഇസ്രയേൽ രക്ഷിച്ച ബന്ദികളുടെ എണ്ണം എട്ടായി. ആദ്യമായാണ് ഒരു ബന്ദിയെ തുരങ്കത്തിൽ കണ്ടെത്തിയത്. ഹമാസ് വധിച്ച ഏതാനും ബന്ദികളുടെ മൃതദേഹങ്ങളും വീണ്ടെടുത്തിരുന്നു.

ഇനി 108 ബന്ദികൾ ഗാസയിലുണ്ട്. ഇതിൽ മൂന്നിലൊന്ന് പേരും മരിച്ചിരിക്കാമെന്നാണ് നിഗമനം. അതേ സമയം, ദെയ്ർ അൽ ബലാഹ്, ഖാൻ യൂനിസ് അടക്കം ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 41 പേർ കൊല്ലപ്പെട്ടു. ആകെ മരണസംഖ്യ 40,470 കടന്നു.