traffic-rules

ന്യൂഡല്‍ഹി: കാര്‍ യാത്രകളില്‍ ഡ്രൈവര്‍ക്കും മുന്‍ സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെന്ന നിയമം കര്‍ശനമാണ്. പിന്‍സീറ്റിലുള്ളവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഈ നിയമം ഇതുവരേയും കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ നിയമവും കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരും കര്‍ശനമായി സീറ്റ് ബെല്‍റ്റ് ധരിക്കണം.

8 സീറ്റര്‍ വാഹനങ്ങളിലും ഈ നിയമം നിര്‍ബന്ധമായും നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. സീറ്റ് ബെല്‍റ്റുകള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള സീറ്റ് ബെല്‍റ്റുകളും, ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണം. വാഹനനിര്‍മാതാക്കള്‍ ഇത് ഉറപ്പാക്കണം എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

വാഹന പരിശോധനകളില്‍ മുന്‍ സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന് മാത്രമാണ് ഇതുവരേയും പരിശോധന നടത്തിയിരുന്നത്. ഈ രീതിക്കാണ് മാറ്റം വരുത്തുന്നത്. പിന്‍സീറ്റിലുള്ളവര്‍ നിയമം ലംഘിച്ചാലും പിഴ ഒടുക്കേണ്ടി വരും. സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് വാഹനത്തില്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും രാജ്യത്തെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കൂടിവരികയാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് കാരണം അപകട മരണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.