'' ജീവിതാവസാനത്തെ നാമെല്ലാവരും ഭയക്കുന്നു. പക്ഷേ മരണവും കൂടി ചേരുന്നതാണ് ജീവിതം. നിങ്ങൾ അതിനെ ആ രീതിയിൽതന്നെ അംഗീകരിക്കാൻ പഠിച്ചേ മതിയാകൂ. മരിച്ചുകഴിയുമ്പോൾ '' നല്ലൊരു മനുഷ്യനായിരുന്നു"" എന്ന് ആളുകൾ പറഞ്ഞേക്കാം. പക്ഷേ എല്ലാവരും അത് പറയണമെന്നുമില്ല. എന്നെ നിങ്ങൾ തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളെല്ലാം നല്ല രീതിയിൽ ചെയ്തയാൾ എന്ന നിലയിൽ ഓർമ്മിക്കുമെന്നാണ് എന്റെ പ്രതീക്ഷ. സങ്കടപ്പെടരുത്. പുഞ്ചിരിക്കൂ. പ്രിയപ്പെട്ട പരിശീലകരേ,കളിക്കാരേ, ആൾക്കൂട്ടങ്ങളേ... ഈ മനോഹര നിമിഷങ്ങൾക്ക് നന്ദി. സന്തോഷത്തോടെ ജീവിതം ആസ്വദിക്കുക. ...ബൈ....""
- അടുത്തിടെ ആമസോൺ പ്രൈം സ്ട്രീം ചെയ്ത ‘സ്വെനിസ്’ എന്ന ജീവചരിത്ര ഡോക്യുമെന്ററി അവസാനിക്കുന്നത് കഥാനായകന്റെ ഈ സംഭാഷണത്തോടെയാണ്. സ്വെൻ ഗൊരാൻ എറിക്സൺ എന്ന ഫുട്ബാൾ കോച്ചായിരുന്നു ആ കഥാനായകൻ. കഴിഞ്ഞ ദിവസം സ്വെൻ ഗൊരാൻ എറിക്സൺ ഈ ലോകത്തുനിന്നും യാത്രയായി. കാൻസർ ബാധിതനായി 76-ാം വയസിൽ ജീവിതത്തോട് വിടചൊല്ലിയ എറിക്സന്റെ ജീവിതത്തിന് നേർക്ക് പിടിച്ച കണ്ണാടിയാണ് ഈ ബയോഗ്രഫിക്കൽ ഡോക്യുമെന്ററി.
ജന്മംകൊണ്ട് സ്വെൻ ഗോരാൻ എറിക്സൺ ഒരു ഇംഗ്ളീഷുകാരനായിരുന്നില്ല. എന്നാൽ ഇംഗ്ളീഷ് ഫുട്ബാളിൽ ഈ സ്വീഡൻകാരന്റെ പേര് അടയാളപ്പെടുത്തിയിരിക്കുന്നത് ഒരിക്കലും മായാത്ത അക്ഷരങ്ങൾ കൊണ്ടാണ്. ഇംഗ്ളണ്ടിനെ അന്തർദേശീയ കിരീടങ്ങളിലൊന്നും എറിക്സൺ മുത്തമിടീച്ചിട്ടില്ല. പക്ഷേ ഇംഗ്ലണ്ട് ഫുട്ബോളിന്റെ സുവർണ തലമുറ പരിലസിച്ചത് എറിക്സണിന്റെ തണലിലാണ്. കളിക്കളത്തിലെ തന്ത്രങ്ങൾ മെനയുക മാത്രമല്ല പരിശീലകന്റെ ചുമതലയെന്നും ശിഷ്യരുടെ ഓരോ ചലനങ്ങളിലും കോച്ച് എന്ന നിലയിൽ തന്റെ ശ്രദ്ധയുണ്ടാകണമെന്ന വിശ്വാസം പുലർത്തിയ എറിക്സൺ കളിക്കാരെ മനുഷ്യരായി കാണുകയും അവരുടെ സന്തോഷങ്ങൾക്ക് വലിയ വില നൽകുകയും ചെയ്തു. അതുകൊണ്ടാണ് അനാരോഗ്യം കൊണ്ട് കളിക്കളത്തോട് വിടപറഞ്ഞ ശേഷവും എറിക്സണെ ഫുട്ബാൾ ആരാധകർ സ്നേഹിച്ചത്. ആഗസ്റ്റ് 26ന് അർബുദബാധിതനായി ചികിത്സയിലിരിക്കെ ജന്മനാടായ സ്വീഡനിലെ സുന്നെയ്ക്ക് സമീപം ജോർകെഫോസിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം.
2001 മുതൽ 2006വരെയാണ് ഇംഗ്ലണ്ട് ഫുട്ബാൾ ടീമിന്റെ പ്രധാന പരിശീലകനായി എറിക്സൺ സേവനമനുഷ്ഠിച്ചത്. 2002,2006 ലോകകപ്പുകളിലും 2004ലെ യൂറോ കപ്പിലും ഇംഗ്ലണ്ടിനെ അവസാന എട്ടിലെത്തിച്ചതാണ് ദേശീയ ടീമിനൊപ്പമുള്ള നേട്ടം. മെക്സിക്കോ, ഐവറി കോസ്റ്റ്,ഫിലിപ്പീൻസ് ദേശീയ ടീമുകളെയും മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, എ.എസ് റോമ, ലാസിയോ, ബെൻഫിക്ക തുടങ്ങിയ പ്രമുഖ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. വിവിധ ക്ലബുകൾക്കൊപ്പം 18 കിരീട നേട്ടങ്ങളിലും പങ്കാളിയായി.
കഴിഞ്ഞ ജനുവരിയിൽ എറിക്സൺ അർബുദ രോഗബാധിതനാണെന്ന റിപ്പോർട്ടുകൾ വന്നതുമുതൽ അദ്ദേഹത്തിനു സുഖാശംസകൾ നേർന്ന് ലോകമെമ്പാടുമുള്ള ആരാധകർ ഒപ്പമുണ്ടായിരുന്നു. എറിക്സന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചതും അതിനു ശേഷമാണ്. എറിക്സന്റെ ഫേവറിറ്റ് ക്ലബ്ബായി അറിയപ്പെട്ടിരുന്ന ലിവർപൂൾ ആദരസൂചകമായി ഒരു പ്രദർശന മത്സരത്തിൽ അദ്ദേഹത്തെ പരിശീലകനായി തന്നെയാണ് ഇറക്കിയത്. അങ്ങനെ ലിവർപൂളിന്റെ പരിശീലകനാവുക എന്ന അദ്ദേഹത്തിന്റെ സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടു. ഇംഗ്ലിഷ് ഫുട്ബാൾ എക്കാലവും ഓർമിക്കുന്ന പരിശീലകനാണു സ്വെൻ ഗൊരാൻ എറിക്സൺ എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ മാർച്ചിൽ ലിവർപൂളിൽ അരങ്ങേറിയ പ്രദർശന മത്സരം. പാൻക്രിയാസ് അർബുദം ബാധിച്ച എറിക്സണായി ലിവർപൂൾ തന്നെയാണ് ഒരു പ്രദർശന മത്സരം സംഘടിപ്പിച്ചത്. ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിനെതിരായ മത്സരത്തിനിറങ്ങിയ ലിവർപൂൾ ലെജൻഡ്സ് ടീമിന്റെ കോച്ചായി ആയി എറിക്സൺ സങ്കടവും സന്തോഷവും അഭിമാനവും കലർന്ന മനസോടെ സൈഡ്‌ലൈനിനരികിൽ നിന്നു.
തീർച്ചയായും എറിക്സൺ സന്തോഷത്തോടെയാകും മരണത്തെ എതിരേറ്റത്. നല്ലൊരു മനുഷ്യനായിരുന്നു"" എന്നുതന്നെയാണ് അദ്ദേഹത്തെക്കുറിച്ച് മരണശേഷം ആളുകൾ പറഞ്ഞത്.തന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങളെല്ലാം നല്ല രീതിയിൽ ചെയ്തയാൾ എന്ന നിലയിൽ തന്നെ സ്വെൻ ഗൊരാൻ എറികസൺ എക്കാലവും ഓർമ്മിക്കപ്പെടും. സന്തോഷത്തോടെ യാത്രയാകൂ,പ്രിയ എറിക്സൺ...