pic

റെയ്‌ക്യവിക്: ടിക് ടോക്ക് വീഡിയോകളിലൂടെ വൈറലായതിന് പിന്നാലെ ഐസ്‌ലൻഡിൽ വെള്ളരിക്കയ്ക്ക് വൻ ഡിമാൻഡ്. ആളുകൾ കൂട്ടത്തോടെ വെള്ളരിക്ക തേടിയെത്തുന്നതോടെ സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക്കുകൾ മിനിറ്റുകൾക്കുള്ളിൽ തീരുന്നെന്നാണ് പരാതി. വെള്ളരിക്കയുടെ ഡിമാൻഡ് പെടുന്നനെ ഉയർന്നതോടെ കർഷകരും ഇറക്കുമതിക്കാരും പ്രതിസന്ധിയിലായി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ തുടങ്ങിവച്ച ട്രെൻഡാണ് നോർഡിക് രാജ്യമായ ഐസ്‌ലൻഡിൽ വെള്ളരിക്കയെ വി.ഐ.പിയാക്കിയത്. വെള്ളരിക്ക ചെറുതായി അരിഞ്ഞത്, എള്ളെണ്ണ, വെളുത്തുള്ളി, വിനാഗിരി, ചില്ലി ഓയിൽ എന്നിവ ചേർത്തുണ്ടാക്കുന്ന സാലഡ് റെസിപ്പി കാട്ടുതീ പോലെ വൈറലായി. ഏറെ ആരോഗ്യ ഗുണങ്ങളുള്ള സൂപ്പർ സാലഡ് ജനപ്രിയമായതോടെ വെള്ളരിക്കയ്ക്ക് ഡിമാൻഡേറിയെങ്കിലും അതിനൊത്ത് ഉത്പാദനം ഉയർത്താൻ കർഷകർക്ക് കഴിഞ്ഞിട്ടില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ക്ഷാമം പരിഹരിക്കാനായേക്കുമെന്ന് സൂപ്പർ മാർക്കറ്റ് സംഘടനകൾ പറയുന്നു. സാലഡിലെ മറ്റ് ചേരുവകളുടെ വില്പനയും രണ്ടിരട്ടിയായി. ശരിക്കും ഒരു കനേഡിയൻ ടിക് ടോക്കറാണ് വെള്ളരിക്ക ട്രെൻഡിന് തുടക്കമിട്ടത്. വെള്ളരിക്ക കൊണ്ടുള്ള മറ്റ് വിഭവങ്ങൾക്കും പ്രചാരമേറി. ഏകദേശം 3,93,600 പേർ ജീവിക്കുന്ന ഐസ്‌ലൻഡിൽ പ്രതിവർഷം 2,000 ടൺ വെള്ളരിക്കയാണ് ഉത്പാദിപ്പിക്കുന്നത്.