crime

ആലപ്പുഴ: സ്ത്രീയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഇടുക്കി സ്വദേശിനിയായ യുവതിക്കെതിരെ കേസ്. സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 42കാരിയുടെ നഗ്നചിത്രങ്ങളാണ് 32കാരിയായ യുവതി പ്രചരിപ്പിച്ചത്. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിനിയായ യുവതിക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 42കാരിയുടെ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ആറ് വര്‍ഷം മുമ്പ് 42കാരിയുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ സമൂഹമാദ്ധ്യമം വഴി പരിചയപ്പെടുകയും പിന്നീട് സ്വവര്‍ഗാനുരാഗത്തിലാകുകയുമായിരുന്നു.ഫോണിലൂടെയുള്ള നിരന്തര സംസാരം വര്‍ദ്ധിച്ചതോടെ കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് പറഞ്ഞ് ആലപ്പുഴക്കാരി പിന്നീട് ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെ പക തോന്നി ആലപ്പുഴയിലെ വീട്ടിലെത്തിയ യുവതി ബഹളമുണ്ടാക്കി. തുടര്‍ന്ന് ഫോണില്‍ സൂക്ഷിച്ചിരുന്ന 42കാരിയുടെ നഗ്‌നചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്വവര്‍ഗാനുരാഗ ബന്ധത്തെക്കുറിച്ച് ബന്ധുക്കള്‍ അറിഞ്ഞതിന്റെ വിഷമത്തില്‍ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. പൊലീസെത്തി കതക് ചവിട്ടിപ്പൊളിച്ചാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞത്. യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നതായി ഇവര്‍ പൊലീസിനോട് പറയുകയും ചെയ്തു.