siddique

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യത്തിനുള്ള നീക്കവുമായി നടൻ സിദ്ദിഖ്. കൊച്ചിയിലെ അഭിഭാഷകനുമായി നടൻ ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ തീരുമാനം.

ബലാത്സംഗം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച്‌ നടി നൽകിയ പരാതിയിൽ മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016 ൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിലുള്ളത്.


ഡി ജി പിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയിരിക്കുന്നത്‌. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് ബലാത്സംഗം ചെയ്‌തുവെന്ന് പരാതിക്കാരി നേരത്തെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ആരോപണം ഉയർന്നതിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. കൂടാതെ നടിക്കെതിരെ സിദ്ദിഖ് ഡി ജി പിയ്ക്ക്‌ പരാതി നൽകുകയും ചെയ്‌തിരുന്നു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് മലയാള സിനിമാ വ്യവസായത്തെ ആസൂത്രിതമായി കരിവാരിത്തേയ്‌ക്കാൻ നടക്കുന്ന ക്രിമിനൽ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.

2016 ജനുവരിയിലോ ഫെബ്രുവരിയിലോ തിരുവനന്തപുരം നിള തിയേറ്ററിൽ തന്റെ "സുഖമായിരിക്കട്ടേ" സി​നി​മയുടെ പ്രി​വ്യൂവി​നാണ് രേവതി​യെ കണ്ടത്. മാതാപി​താക്കൾക്കൊപ്പമാണ് സംസാരി​ച്ചത്. മോശമായി​ സംസാരി​ക്കുകയോ ലൈംഗികമായി പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. എട്ടര വർഷത്തി​നി​ടെ താൻ ബലാത്സംഗം ചെയ്തെന്ന് അവർ പറഞ്ഞി​ട്ടി​ല്ല. ഇതി​നി​ടെ 2019ലും 2021ലും രണ്ടു വട്ടം തനി​ക്കെതി​രെ സോഷ്യൽ മീഡി​യയി​ലൂടെ നടത്തി​യ ആരോപണങ്ങളി​ലും ബലാത്സംഗം ആരോപിച്ചിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.