കലാരഞ്ജിനി വീണ്ടും സിനിമയിൽ. സൈജു കുറുപ്പ് നായകനായി നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിക്കുന്ന ഭരതനാട്യം സിനിമയിൽ ശക്തവും രസകരവുമായ കഥാപാത്രമായാണ് കലാരഞ്ജിനി എത്തുന്നത്. ഭരതനാട്യം തിയേറ്ററിൽ എത്തിയ പശ്ചാത്തലത്തിൽ കലാരഞ്ജിനി സംസാരിക്കുന്നു.
ഭരതനാട്യം സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രത്യേകത ?
സരസ്വതി എന്ന അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ്കുമാറിന്റെ ഭാര്യ വേഷമാണ്. സായ് ചേട്ടന്റെ നായികയായി മുൻപും അഭിനയിച്ചിട്ടുണ്ട്. നാലു മക്കളും രണ്ടു മരുമക്കളുമുണ്ട്. ഒരു കുടുംബത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങൾ. കഥ കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. സ്ക്രീനിൽ ഏറെ ചെയ്യാനുള്ള കഥാപാത്രം.
ശിവാജി ഗണേശന്റെയും എൻ.ടി.ആറിന്റെയും നസീറിന്റെയും നായിക ?
ശിവാജി ഗണേശന്റെയും എൻ.ടി.ആറിന്റെയും സിനിമകളിൽ അഭിനയിക്കുമ്പോൾ എനിക്ക് 18 വയസാണ്. രണ്ടുപേരും വലിയ നടന്മാർ. ശിവാജി സാറിന്റെ നായികയായി ഊറും മുറവും,എൻ. ടി. ആറിന്റെ നായികയായി സിംഹം നൗഹേകി. അതേ വർഷം തന്നെ നസീർ സാർ നായകനായ എന്റെ നന്ദിനിക്കുട്ടി സിനിമയിൽ ഭാര്യവേഷം അവതരിപ്പിച്ചു. സുവർണക്ഷേത്രത്തിലും ഞങ്ങൾ നായകനും നായികയുമായി. മലയാളത്തിൽ ആശ, ഈറ്റില്ലം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. എൻ.ടി.ആറിന്റെ മകൻ ബാലകൃഷ്ണയുടെയും നായികയായി അഭിനയിച്ചു. വിവാഹശേഷം ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലൂടെ മടങ്ങി എത്തി.
അഭിനയരംഗത്തേക്ക് വരാൻ താത്പര്യമില്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്?
തീരെ ഇഷ്ടമില്ലായിരുന്നു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത സ്വന്തം എന്ന പദം സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയി. ആ സിനിമയിൽ കൽപ്പന അഭിനയിക്കുന്നുണ്ട്.ഞാൻ അഭിനയിക്കട്ടെ എന്നു തമ്പി സാർ പറഞ്ഞു. തമ്പി സാറിന്റെ നിർബന്ധത്തിന് ക്യാമറയുടെ മുന്നിൽ നിന്നു. മധു സാറിന്റെയും ശ്രീവിദ്യാമ്മയുടെയും ഇളയ മകളുടെ വേഷം. ചേച്ചിയായി അംബികയും അനിയനായി തമ്പി സാറിന്റെ മകൻ രാജ് കുമാർ തമ്പിയും . കൽപ്പനയാണ് സിനിമയിൽ ആദ്യം അഭിനയിച്ചത്. ഉർവശിയും ബാലതാരമായി വന്നു . പിന്നാലെ അനുജൻമാരായ പ്രിൻസും കമലും . രണ്ടാമത് ഞാൻ അഭിനയിക്കുന്നത് തെലുങ്കിൽ. അതുകഴിഞ്ഞ് കന്നട. പിന്നീട് തമിഴിൽ .
ഉർവശിയെയും കൽപ്പനയെയും പോലെ തിരക്കേറിയ താരമായി മാറിയില്ല ?
അഭിനേത്രി എന്ന നിലയിൽ തിരക്ക് ഉണ്ടാവണം എന്ന് ആഗ്രഹിക്കാത്ത ആളാണ് ഞാൻ. കഥാപാത്രങ്ങൾ നന്നായി ചെയ്യുക. ഒരേതരം കഥാപാത്രം വന്നാൽ മാറിനിൽക്കുന്നതാണ് സ്വഭാവം. നാലുവർഷം മുൻപ് സൂഫിയും സുജാതയും സിനിമയിലാണ് അവസാനം അഭിനയിച്ചത്. ആ സിനിമ ഒ. ടി. ടി റിലീസായിരുന്നു. ഭരതനാട്യത്തിനു മുൻപ് ഒരുപാട് സിനിമകൾ വന്നു. വെറുതേ വന്നു നിൽക്കാൻ താത്പര്യമില്ല. അടുത്ത സിനിമ ചെയ്യാനും ഇടവേള വന്നേക്കാം.
കൽപ്പനയുടെ ഓർമ്മകൾ കൂടെത്തന്നെയുണ്ടോ?
കൽപ്പന ഈ ലോകത്തില്ല എന്നു വിചാരിച്ചാലല്ലേ ഓർമ്മകൾ ഉണ്ടാവൂ. അവൾ എനിക്കൊപ്പമുണ്ട്. ഞങ്ങൾക്ക് ഒപ്പമുണ്ട്. കൽപ്പനയുടെ ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്. ഭരതനാട്യം സിനിമയുടെ പ്രൊമോഷന് തിരുവനന്തപുരത്തു വന്നപ്പോൾ കൽപ്പന സ്ഥിരമായി താമസിച്ച ഹോട്ടലിലാണ് തങ്ങിയത്. കൽപ്പന നിരന്തരം കൂടെയുണ്ട്. ഒപ്പമില്ലാതെ ഒരു നിമിഷം പോലും കടന്നു പോവുന്നില്ല.
മകൻ സിനിമയിൽ വരുമോ ?
മകൻ അമ്പോറ്റി ഉജ്വൽ. അനുജന്റെ ഓർമക്കായി പ്രിൻസ് എന്നും വിളിക്കാറുണ്ട്. അഭിനയിക്കാൻ അവസരമുണ്ട്. സംവിധാനത്തിൽ പി.ജി കഴിഞ്ഞു. ദുബായിൽ ബിസിനസും ചെയ്യുന്നുണ്ട്. സിനിമയിൽ വരുമായിരിക്കും. അതു തലയിലെഴുത്തു പോലെയാണ്. എനിക്ക് ഒരു മകനും മകളുമാണ്. മകൾ ശ്രീസംഖ്യ. (കൽപ്പനയുടെ മകൾ) ഇന്ന് അവൾ എന്റെ മകളാണ്. ഞാൻ അങ്ങനെയേ പറയൂ. കൽപ്പനയുടെ മകൾ എന്ന് ഇവിടെ എല്ലാവരും പറയുന്നതു കൊണ്ടാണ് അവളെ കൂട്ടി ചെന്നൈയിൽ പോയത്.