പട്ടാമ്പിക്കടുത്ത് പരുതൂർ ഗ്രാമത്തിന്റെ സിനിമയാണ് തടവ്. മികച്ച നടി എന്ന സംസ്ഥാന ചലച്ചിത്ര അംഗീകാരത്തിന്റെ തിളക്കത്തിൽ ബീന ആർ. ചന്ദ്രൻ. നവാഗത സംവിധായകനായി ഫാസിൽ റസാഖ്. രണ്ടും തടവ് സമ്മാനിച്ചത് .ആദ്യമായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലൂടെ തന്നെ മികച്ച നടിയായി മാറിയതിന്റെ ആഹ്ളാദത്തിൽ ബീന ആർ. ചന്ദ്രൻ സംസാരിക്കുന്നു.
ഉർവശിയെ കാണണം
സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മനസ്. ആറുതവണ സംസ്ഥാന അവാർഡ് നേടിയ ഉർവശി എന്ന അതുല്യ പ്രതിഭയോടൊപ്പം എന്നെ പരിഗണിച്ചതിന് ഒരുപാട് നന്ദി. വളരെ തന്മയത്വത്തോടെ അനായസമായി ഏതൊരു കഥാപാത്രത്തെയും മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്ന അഭിനേത്രിയാണ് ഉർവശി ചേച്ചി. ഞാൻ ചേച്ചിയുടെ ആരാധികയാണ്. ഒന്ന് നേരിട്ട് കാണാൻ കാത്തിരിക്കുന്നു.അവാർഡ് ഏറ്റുവാങ്ങുന്ന ദിവസം അതു സാധിക്കുമെന്ന് ഓർക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
നാട്ടുകാരുടെ തടവ്
പരുതൂർ ഗ്രാമത്തിൽ ചിത്രീകരിച്ച സിനിമ. തിരക്കഥ വായിച്ചപ്പോൾ വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചതെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരും സുഹൃത്തുക്കളും ശിഷ്യരും ബന്ധുക്കളും അഭിനേതാക്കളായി. ഞാനായിരുന്നു കാസ്റ്റിംഗ് ഡയറക്ടർ. സിനിമയിൽ സുഹൃത്തുക്കളായി അഭിനയിച്ച അനിത ടീച്ചറും ഞാനും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. സുബ്രഹ്മണ്യൻ പി.ടി.എയുടെ ഭാരവാഹി.ഞങ്ങളുടെ സുഹൃത്ത് ബന്ധം നല്ല രീതിയിൽ സിനിമയിലും ഫാസിൽ വരച്ചുകാണിച്ചു. ഒരുമാസം റിഹേഴ്സൽ. ഒരുമാസത്തെ ചിത്രീകരണം.കഥാപാത്രത്തിൽനിന്ന് പുറത്തുകടക്കാൻ എനിക്ക് വളരെ സമയം വേണ്ടി വന്നു.
എന്നെ അറിയില്ല
സിനിമ ശ്രദ്ധിക്കപ്പെടണമെന്നും ഫാസിൽ രക്ഷപ്പെടണമെന്നും ആഗ്രഹിച്ചുള്ളു. ഐ.എഫ്.എഫ്. കെയിൽ സിനിമ കണ്ടവർ പ്രതീക്ഷ തന്നു. എന്നാൽ പ്രതിഭാധനരായ നടിമാർ ഉള്ളതിനാൽ അതിമോഹമാകുമോ എന്ന ചിന്ത എനിക്കുണ്ടായിരുന്നു. മെൽബെൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുത്തതും തടവിന് നോമിനേഷൻ ലഭിച്ചതുമാണ് മറ്റൊരു അംഗീകാരവും സന്തോഷവും.ഞാൻ നാടക പ്രവർത്തകയും പരുതൂർ സി. ഇ. യു. പി സ്കൂൾ അദ്ധ്യാപികയുമാണ്. സിനിമയിൽ പ്രധാനവേഷം മുൻപ് ചെയ്തില്ല. അത്ഭുതത്തോടെയാണ് എല്ലാവരും ഇപ്പോൾ കാണുന്നത്. നാടിന് ലഭിച്ച അംഗീകാരമായി കരുതുന്നു.
നാടക ടീച്ചർ
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ കലാരംഗത്തുണ്ട്. പട്ടാമ്പി സംസ്കൃത കോളേജിൽ പ്രീഡിഗ്രി പഠിക്കുമ്പോൾ അഭിനയിച്ച കർണഭാരം നാടകത്തിന് സർവകലാശാല തലത്തിൽ അംഗീകാരം. നാടക സംസ്കാരം എനിക്ക് തരുന്നത് പാണി മാഷാണ്. അമച്വർ നാടകങ്ങളാണ് എന്നെ വളർത്തിയതും പരിപോഷിപ്പിച്ചതും . അദ്ധ്യാപനവും അരങ്ങുമാണ് എന്റെ ലോകം. കുട്ടികളെ നാടകം പഠിപ്പിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞപ്പോൾ ഭർതൃ വീട്ടുകാരുടെ പിന്തുണയും ലഭിച്ചു. മണികണ്ഠൻ പട്ടാമ്പിയുടെയും സുദേവന്റെയും എം.ജി. ശശിയുടെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ഫാസിൽ റസാഖിന്റെ സംസ്ഥാന പുരാസ്കാരങ്ങൾ ലഭിച്ച അതിര്, പിറ എന്നീ ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചു. ഒറ്റ ഞാവൽമരം എന്ന ഏക കഥാപാത്ര നാടകവുമായാണ് ഇപ്പോൾ യാത്ര. ഭർത്താവ് കെ.എം. വിജയകുമാർ. ബിസിനസ് ചെയ്യുന്നു.