നടിമാരിൽ സൂപ്പർ ഡാൻസുകാരിയാണ് ദീപ്തി സതി. ഹരിദാസ് സംവിധാനം ചെയ്ത താനാരാ സിനിമയിൽ അഭിനയവും ഡാൻസുമായി ദീപ്തി സതി നിറഞ്ഞുനിൽക്കുന്നു. സോനാ ലഡ്കി എന്ന് ആരംഭിക്കുന്ന ഫാസ്റ്റ് നമ്പർ പാട്ടിന് ഗംഭീരമായി ചുവടുവക്കുകയാണ് ദീപ്തി സതി . ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറുടെ ഈണം . വ്യത്യസ്ത സ്വരമാധുരിയിൽ ആലപിച്ചത് പ്രിയ നായർ. ദീപ്തി സതി വാചാലയായപ്പോൾ.
തോബ തോബ
താനാരാ സിനിമയിൽ ശ്രദ്ധ എന്ന എന്റെ കഥാപാത്രം ഡാൻസറും പാട്ടുകാരിയുമാണ് .ബൃന്ദ മാസ്റ്ററാണ് കൊറിയോഗ്രഫി. ആദ്യമായാണ് ബൃന്ദ മാസ്റ്ററിനൊപ്പം.അടിപൊളി പാട്ടിന് ഡാൻസ് ചെയ്യുക എന്നത് എനിക്ക് ഊർജം പകരുന്നു. കൊച്ചിയിലെ സ്റ്റുഡിയോയിൽ രണ്ടുദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. കഥാപാത്രം ആവശ്യപ്പെടുമെങ്കിൽ ഡാൻസ് ചെയ്യാറുണ്ട്. ഇത് ഒരിക്കലും ഐറ്റം നമ്പരല്ല, ഡാൻസ് നമ്പരാണ്. വിക്കി കൗശൽ ബാഡ് ന്യൂസിൽ' തോബ തോബ"എന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്തപ്പോൾ ഐറ്റം നമ്പർ എന്ന് വിളിച്ചില്ല. ഞാൻ ഒരു നല്ല അഭിനേത്രിയും ഡാൻസറുമാണെന്ന് സംവിധായകർക്ക് അറിയാം.
ഡാൻസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. ഒരു അഭിനേത്രി ഡാൻസർ കൂടിയാകണം. എന്റെ കരിയറിൽ രണ്ടും ഒരേപോലെ കൊണ്ടുപോകുന്നു. നീനയിൽ ഡാൻസില്ലായിരുന്നു. മൂന്നര വയസുമുതൽ ഭരതനാട്യം പഠിക്കുന്നുണ്ട്. പതിനഞ്ചു വർഷമായി വെസ്റ്റേൺ, കണ്ടംപററി ഉൾപ്പെടെ പലതരം ഡാൻസുകൾ ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ക്ളാസിക്കൽ ഡാൻസ് അവതരിപ്പിച്ചു. ഗോൾഡിൽ പൃഥ്വിരാജിനൊപ്പം ഫാസ്റ്റ് നമ്പർ . താനാരാ സിനിമയിലൂടെ ആദ്യമായി കോമഡി ചെയ്തു. നല്ല കഥാപാത്രങ്ങളും നല്ല ഡാൻസ് നമ്പരുമായി ഇനിയും വരും.