vinayan

തിരുവനന്തപുരം: സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് നടനും എംഎൽഎയുമായ മുകേഷിനെ ഒഴിവാക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. മുകേഷിനെതിരെ ആരോപണങ്ങളുയർന്ന സാഹചര്യത്തിലാണ് നടപടി. സമിതിയിൽ നിന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‌ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

'അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴിൽ നിഷേധം നടത്തിയതിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തിരിക്കുന്ന ബി ഉണ്ണികൃഷ്ണനെ സർക്കാരിന്റെ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു’ എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിലെ തൊഴിൽ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകിയ ആളാണ് വിനയൻ. അന്ന് വന്ന വിധിയുടെ അടിസ്ഥാനത്തിൽ കോംപറ്റീഷൻ ആക്ടിന്റെ സെക്ഷൻ മൂന്ന് പ്രകാരം അമ്മ സംഘടനയ്ക്ക് 4,00,065 രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയും പെനാൽറ്റി അടിച്ചിട്ടുള്ളതാണ്.

അന്നത്തെ അമ്മ പ്രസിഡന്റ് ഇന്നസെന്റിന് 51,478 രൂപയും സെക്രട്ടറി ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് 66,356 രൂപയും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് 32,026 രൂപയും പെനാൽറ്റി ഉണ്ട്. ഇതിനെതിരെ സംഘടനകളും വ്യക്തികളും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി അപ്പീൽ തള്ളി ശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.

ഷാജി എൻ കരുൺ അദ്ധ്യക്ഷനായ നയരൂപീകരണ സമിതിയിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാഡമി സെക്രട്ടറി, അഭിനേതാക്കളായ മുകേഷ്, മഞ്ജുവാര്യർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകരായ രാജീവ് രവി, ബി ഉണ്ണികൃഷ്‌ണൻ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവർ അംഗങ്ങളാണ്. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി മഞ്ജുവാര്യരും രാജീവ് രവിയും പിന്മാറിയിരുന്നു.