kca

തിരുവനന്തപുരം: കേരളത്തിലുടനീളം ക്രിക്കറ്റ് കളിക്കും മല്‍സരത്തിനും അനുയോജ്യമായ സ്റ്റേഡിയങ്ങള്‍ അസോസിയേഷന്‍ സജ്ജമാക്കിയിട്ടുണ്ട്. അതോടൊപ്പം പരിശീലന കേന്ദ്രങ്ങള്‍, അക്കാദമികള്‍ തുടങ്ങിയവയും കളിക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു. 12 ക്രിക്കറ്റ് സ്റ്റേഡിയങ്ങളാണ് അസോസിയേഷനു കീഴിലുള്ളത്.

ക്രിക്കറ്റ് കളിയില്‍ പിച്ചുകള്‍ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ഏറ്റവും മികച്ച രീതിയില്‍ പിച്ചുകള്‍ തയ്യാറാക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത് വലിയ വെല്ലുവിളിതന്നെയാണ്. സ്റ്റേഡിയങ്ങള്‍ വെറുതേ നിര്‍മിച്ചിട്ടതുകൊണ്ടുമാത്രം കാര്യമില്ല. മികച്ചരീതിയില്‍ പിച്ചുകള്‍കൂടി സജ്ജമാക്കിയാല്‍മാത്രമേ ക്രിക്കറ്റിനേയും കളിക്കാരേയും പരിപോഷിപ്പിക്കുക സാധ്യമാകുകയുള്ളു. അതുകൊണ്ടുതന്നെ സ്റ്റേഡിയങ്ങളിലെ മണ്ണിന്റെ ഗുണനിലവാരവും ജലാംശവും മറ്റു ഘടകങ്ങളും ഉള്‍പ്പെടെ നിരന്തരം പരിശോധിച്ചാണ് ഓരോയിടത്തും ബാറ്റിനും ബോളിനും കളിക്കാര്‍ക്കും അനുയോജ്യമായ പിച്ചുകള്‍ സജ്ജമാക്കുന്നത്.

ഇതിനായി നിശ്ചിത അക്കാദമിക യോഗ്യതകളുള്ളതും പ്രത്യേകം പരിശീലനംലഭിച്ചതുമായ പ്രൊഫഷണലുകളെയാണ് കെസിഎ നിയോഗിച്ചിട്ടുള്ളത്. ഇവരെ സഹായിക്കുന്നതിന് പൂര്‍ണ സജ്ജമായ ഗ്രൗണ്ട് സ്റ്റാഫുകളേയും നിയോഗിച്ചിരിക്കുന്നു. പിച്ചുകള്‍ ഉന്നത നിലവാരത്തില്‍ നിലനിറുത്തിക്കൊണ്ടുപോകുന്നതിന് ഇത് ഏറെ സഹായകമാണ്.

കളിക്കാരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനായി കെസിഎയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സോണല്‍ അക്കാദമികള്‍ പ്രവര്‍ത്തിക്കുന്നു. വിദഗ്ദ്ധരായ പരിശീലകരാണ് അക്കാദമികളില്‍ ഉള്ളത്. കായികക്ഷമത, ആരോഗ്യം, നൈപുണ്യം, മാനസികാവസ്ഥ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചും മെച്ചപ്പെടുത്തേണ്ടത് മെച്ചപ്പെടുത്തിയുമാണ് ഇവിടെ താരങ്ങളെ സജ്ജരാക്കുന്നത്. കളിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നുമാറി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് അവരെ തയ്യാറാക്കാന്‍ ഈ അക്കാദമികളിലൂടെ സാധിക്കുന്നു.

കേരളത്തിലെ സ്കൂളുകളിലും ക്രിക്കറ്റ് പരിശീലനത്തിനായി മികച്ച അന്തരീക്ഷമൊരുക്കാന്‍ കെ.സി.എ പരിശ്രമിക്കുന്നുണ്ട്. അഞ്ഞൂറിലേറെ സ്കൂളുകളില്‍ പരിശീലന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതിനൊപ്പം പാര്‍ട്-ടൈം പരിശീലകരേയും നിയമിച്ചു. താല്‍പര്യമുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകര്‍ക്ക് ക്രിക്കറ്റ് പരിശീലനത്തിലെ പുതിയ പ്രവണതകള്‍ മനസ്സിലാക്കുന്നതിനായി വാര്‍ഷിക സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്.