ashiq-abu-unnikrishnan

കൊച്ചി: ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണനെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ ആഷിക് അബു. ബി.ഉണ്ണികൃഷ്‌ണൻ നടത്തുന്നത് കാപട്യകരമായ പ്രവർത്തനമാണ്. ഫെഫ്‌കയിലെ 21 യൂണിയനുകളും ഇത് തുറന്ന് ചർച്ച ചെയ്യണം. ഇവിടെ നടന്ന ക്രിമിനൽ ആക്‌ടിവിറ്റികളോടും തൊഴിൽ നിഷേധങ്ങളോടും കൂട്ടുനിന്ന ആളാണ് ബി. ഉണ്ണികൃഷ്‌ണൻ. സർക്കാർ ഇത് തിരിച്ചറിയണം. മാക്‌ടയെ തകർത്തത് ബി. ഉണ്ണികൃഷ്‌ണനാണെന്നും ആഷിക് അബു വിമർശിച്ചു.

ഫെഫ്ക എന്നാല്‍ ബി ഉണ്ണികൃഷ്ണനെന്നാണ് നടപ്പ് രീതി. തൊഴിലാളി സംഘടനയെ ഫ്യൂഡല്‍ തൊഴുത്തില്‍ കെട്ടി. ഒളിച്ചിരുന്ന് പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സമൂഹത്തെ അഭിമുഖീകരിക്കാന്‍ നട്ടെല്ലുണ്ടെങ്കില്‍ പൊതുമദ്ധ്യത്തില്‍ പ്രതികരിക്കട്ടെ. അയാളുടെ വാക്കുകൾ മുഖവിലയ‌്ക്കെടുക്കരുത്. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മാറ്റണം.

ബി. ഉണ്ണികൃഷ്‌ണൻ ഇല്ലെങ്കിൽ തൊഴിലാളികളുടെ കാര്യങ്ങൾ ഇവിടെ നടക്കും. കേരളം പരിഷ്‌കൃത സമൂഹമാണ്. ഫെഫ്‌കയുടെതെന്ന രീതിയിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് യൂണിയന്റെ നിലപാടല്ലെന്നും ആഷിക് അബു പറഞ്ഞു.

അമ്മ ഭരണസമിതിയുടെ രാജിയിൽ പ്രതികരിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്‍റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്‌ക പ്രതികരിച്ചു. അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും, ഇതിന് കോര്‍ കമ്മിറ്റിക്ക് ചുമതല നൽകുമെന്നും ഫെഫ്‌ക അറിയിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ സേവനവും ലഭ്യമാക്കും. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്നായിരുന്നു ഫെഫ്‌കയുടെ പ്രതികരണം.