industrial-smart-city

പാലക്കാട്: രാജ്യത്ത് നടപ്പാക്കുന്ന 12 ഗ്രീൻഫീൽഡ് ഇൻഡസ്‌ട്രിയൽ സ്‌മാർട് സിറ്റികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പാലക്കാട്ടാകും ഇൻഡസ്‌ട്രിയൽ സ്‌മാർട് സിറ്റി വരിക. ഇതിനായി 3806 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ 28.602 കോടിയുടെ പദ്ധതികൾക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. മൂന്ന് റെയിൽവെ ഇടനാഴികൾക്കും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. പാലക്കാട് പുതുശേരിയിലാകും പദ്ധതി വരിക. സേലം-കൊച്ചി ദേശീയപാതയോട് ചേർന്നാണ് ഇത്.

ഉത്തർപ്രദേശിലെ ഖുർപിയ, പഞ്ചാബിൽ രാജ്‌പുര-പാട്യാല, മഹാരാഷ്‌ട്രയിലെ ദിഗ്ഗി, യുപിയിൽ ആഗ്ര, പ്രയാഗ് ‌രാജ്, ബീഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒർവാക്കൽ, കൊപ്പാർത്തി, രാജസ്ഥാനിൽ ജോഥ്‌പൂർ-പാലി എന്നിവിടങ്ങളിലാണ് ഗ്രീൻഫീൽഡ് ഇൻഡസ്‌ട്രിയൽ സ്‌മാർട് സിറ്റികൾ വരിക. വികസിത് ഭാരത് പദ്ധതി പ്രകാരമാണ് സ്‌മാർട് ‌സിറ്റികൾ വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിൽ മന്ത്രി അശ്വിനി വൈഷ്‌ണവ് പദ്ധതിയ്‌ക്ക് അനുമതി പ്രഖ്യാപിച്ചു.

പദ്ധതിയിൽ 1.5 ലക്ഷം കോടിയുടെ നിക്ഷേപം നടക്കുമെന്നും കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു. വ്യാവസായിക പാർക്കുകൾ എന്നതിലുപരിയായി വ്യാവസായിക നഗരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് പുറമേ യുവാക്കൾക്ക് തൊഴിലവസരവും ഒപ്പം പ്രാദേശിക ഉത്പാദനവും വർദ്ധിപ്പിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

റസിഡൻഷ്യൽ, കൊമേഷ്യൽ പ്രോജക്ടുകൾ ഒരുമിച്ച് വരുന്ന വ്യവസായ നഗരങ്ങളാണ് സർക്കാരിന്റെ മനസിലുള്ളത്. കഴിഞ്ഞ ബഡ്ജറ്റിലാണ് ദേശീയ വ്യവസായിക ഇടനാഴി പദ്ധതിയുടെ കീഴിൽ 12 ഇൻഡ്രസ്ട്രിയൽ പാർക്കുകൾ അനുവദിക്കുമെന്ന കാര്യം കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.