മനുഷ്യശരീരത്തിന്റെ 60 ശതമാനം വെള്ളമാണ്. ഈ വെള്ളത്തിന്റെ 60ശതമാനം കോശങ്ങളുടെ ഉള്ളിലും ബാക്കി 40 ശതമാനം അതിന്റെ പുറത്ത് (extracellular space area). ഇത് interstitial space ലും രക്തക്കുഴലിന്റെ ഉള്ളിലുമാണുള്ളത്. Interstitial space ന് ഉള്ളിലെ വെള്ളം 2.5L ന് മുകളില്‍ ആയിക്കഴിയുമ്പോൾ ശരീരത്തിൽ നീരുണ്ടാകുന്നു. ശരീരത്തിലെ നീര് വൃക്ക തകരാറിന്റെ ഒരു ലക്ഷണമായിട്ടാണ് പലപ്പോഴും സാധാരണക്കാർ ചിന്തിക്കുന്നത്. എന്നാൽ അത് കൂടാതെ മറ്റു പല രോഗാവസ്ഥ കാരണവും ശരീരത്തിൽ നീര് ഉണ്ടാകുന്നു.
ഒരു കാലിലോ കയ്യിലോ മാത്രമായി നീര് വരികയാണെങ്കിൽ 'lymphatic edema' ഒരു കാരണമാകാം. മന്തുരോഗം (Filariassi) ഇതിന്റെ ഒരു കാരണമാകാം. Lymphatic vessel ൽ തടസ്സം വരുന്നത് വഴിയാണ് ഇത്തരത്തിൽ നീരുണ്ടാകുന്നത്. ചില സാഹചര്യങ്ങളില്‍ ഏതെങ്കിലും ഒരു ഭാഗത്ത് നീര് വന്നതിനുശേഷം അതില്‍ നിറവ്യത്യാസം (ചുവന്ന നിറം) ഉണ്ടാവുകയും വേദന അനുഭവപ്പെടുകയും ആണെങ്കിൽ അത് Infection അഥവാ Cellulitis ന്റെ ഒരു ലക്ഷണമാകാം. നിറവ്യത്യാസമോ, പനിയോ, ഒന്നും തന്നെ ഇല്ലാതെ നീര് വരികയാണെങ്കിൽ അത് രക്തക്കുഴലില്‍ രക്തം കട്ടപിടിച്ചത് മൂലം (Deep vein Thrombosis) കൊണ്ടും ആകാം. ഈ അവസ്ഥയാണെങ്കില്‍ നീരുള്ള ഭാഗത്ത് അമര്‍ത്തി നോക്കുമ്പോള്‍ വേദന അനുഭവപ്പെടാം.
രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നുകൾ (Eg: Calcium channel blockers), കാൻസർ ചികിത്സയുടെ മരുന്നുകൾ എന്നിവ കഴിക്കുന്നവരിൽ ചിലർക്ക് കാലിൽ നീര് വരാൻ സാദ്ധ്യതയുണ്ട്. ഈ അവസ്ഥ ഡോക്ടറോട് പറഞ്ഞ് പകരം മറ്റൊരു മരുന്ന് നിർദ്ദേശപ്രകാരം കഴിക്കുന്നത് വഴി നീര് കുറയാം. കൺപോളകളിലും മുഖത്തും പെട്ടെന്നുണ്ടാകുന്ന നീര് അലർജി മൂലമാകാം. ഇതിനെ Angioneurotic edema എന്ന് പറയുന്നു. ചില ആഹാരങ്ങൾ, മരുന്നുകൾ, ഏതെങ്കിലും പ്രാണി കടിക്കുന്നത് എന്നിവ Angioneurotic edema യുടെ കാരണമാകാം. ഇത്തരത്തിൽ പെട്ടെന്ന് നീര് ഉണ്ടാകാം. കൃത്യമായ മരുന്ന് കഴിച്ചാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇത് പൂർണ്ണമായും ഭേദമാകും.
സ്ഥിരമായി കയ്യിലോ കാലിലോ നീര് ഉണ്ടാകുന്നത് കാൻസറിന്റെയോ അല്ലെങ്കിൽ കാൻസർ ചികിത്സയ്ക്ക് ശേഷമോ ഉണ്ടാകുന്ന Lymphatic Vessel ന്റെ തടസ്സം കൊണ്ടായിരിക്കാം. സ്തനാർബുധം ഉള്ള സ്ത്രീകളിലോ അതിന്റെ ചികിത്സയ്ക്കായി ശസ്ത്രക്രിയ കഴിഞ്ഞവരിലോ Lymphatic obstruction കാരണമാകാം.
Interstitial space ലെ ദ്രാവകത്തിന്റെ അളവ് 2.5 - 3L കൂടുതല്‍ ആകുമ്പോൾ ശരീരത്തിൽ മുഴുവൻ നീരുണ്ടാകാം (Generalized edema). കുട്ടികളിലും മുതിർന്നവരിലും രക്തത്തിൽ പ്രോട്ടീനിന്റെ അളവ് ക്രമാതീതമായി കുറയുന്നത് മറ്റൊരു കാരണമാണ്. കാലിൽ നീരുണ്ടാകുന്നു. ആഹാരം കഴിക്കുന്നത് കുറയുന്നത് മൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ചിലരിൽ ആഹാരം കഴിക്കുമ്പോൾ അതിലെ പ്രോട്ടീന്‍ ദഹിച്ച് രക്തത്തിലേക്ക് എത്താത്ത സാഹചര്യത്തിൽ (Malabsorption), രക്തത്തിൽ ആൽബുമിന്റെ അളവ് കുറഞ്ഞ് ശരീരത്തിൽ നീര് വരാം. ആഹാരക്രമീകരണം കൃത്യമായി നടത്തിക്കൊണ്ട് ആൽബുമിന്റെ അളവ് കൂട്ടുന്നതിലൂടെ ചിലരിൽ നീര് കുറയ്ക്കാൻ സാധിക്കാം. Malabsorption ഉള്ള രോഗികളിൽ ഡ്രിപ്പിലൂടെ ആൽബുമിന്‍ നൽകുന്നത് ഒരു ചികിത്സാ രീതിയാണ്.
ഹൃദ്രോഗികളിലും നീര് വരാം. ഹൃദയത്തിന്റെ പമ്പിംഗിൽ ഉണ്ടാകുന്ന തകരാർ കാരണം (Heart Failure) നീര് ഉണ്ടാകുന്നു. രാത്രി കിടക്കുന്ന സമയം ശ്വാസംമുട്ടൽ ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. കരൾ രോഗികളിൽ വയറിന്റെ ഭാഗത്ത് നീരുണ്ടാകുന്നു. കരളിൽ നിന്നും വരുന്ന ഒരു രക്തക്കുഴലിൽ (portal vein) സമ്മർദം കൂടുന്നത് മൂലമാണ് നീര് ഉണ്ടാകുന്നത്. ചില സ്ത്രീകളിൽ ആർത്തവ സമയത്ത് കാലില്‍ നീര് വരാറുണ്ട്. ചിലരിൽ ഹോർമോണ്‍ വ്യതിയാനം കാരണം നീര് ഉണ്ടാകും (Idiopathic cyclic edema). ഗർഭിണികളിൽ Preeclampsia എന്ന അവസ്ഥയിൽ മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നത് കൊണ്ട് ശരീരം മുഴുവന്‍ നീരും അമിത രക്തസമ്മർദ്ദവും ഉണ്ടാകാം.
ഗർഭിണികളിൽ അവസാന മാസങ്ങളിൽ നീരുണ്ടാകുന്നത് അപൂർവ്വമല്ല. അത് ഗർഭപാത്രത്തിന്റെ രക്തക്കുഴലുകളിലെ തടസ്സം കൊണ്ടാകാം. പ്രസവം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ച്ച കൊണ്ട് ഈ നീരു മാറും. ഹൈപ്പോതൈറോയിഡിസം ശരീരത്തിൽ നീര് ഉണ്ടാകുന്നതിന്റെ മറ്റൊരു കാരണമാണ്. ഇവരിൽ തൈറോയ്ഡ് ഗുളികകൾ വഴി ചികിത്സിക്കാവുന്നതാണ്. ശരീരത്തിൽ അമർത്തുമ്പോൾ കുഴി (pitting) വരാത്ത തരത്തിലാണ് ഇത് പ്രകടമാകുന്നത്.
വൃക്ക രോഗികളിൽ പല കാരണത്താൽ നീര് വരാം. മൂത്രം പതഞ്ഞു പോവുകയാണെങ്കിൽ, മൂത്രത്തിൽ പ്രോട്ടീനിന്റെ അംശം കൂടുതലാണെന്ന് അനുമാനിക്കാം. കൃത്യമായ ടെസ്റ്റുകളിലൂടെ ഇത് നിർണ്ണയിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ മുഖത്തും പ്രത്യേകിച്ച് കൺപോളകളിലും നീരുണ്ടാകാം. ഇത് കൃത്യമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും.
ഇവരിൽ മൂത്രത്തിൽ പ്രോട്ടീനിന്റെ അളവും രക്തത്തിൽ ആൽബുമിന്റെ അളവും കുറവായിരിക്കും, കൊളസ്‌ട്രോളിന്റെ അളവ് കൂടുതലും രക്തസമ്മർദ്ദം ക്രമാനുസരണവും ആയിരിക്കും. ഈ രോഗാവസ്ഥയെ നെഫ്രോട്ടിക് സിൻഡ്രോം എന്ന് പറയുന്നു. Corticosteroid മരുന്നുകൾ കൊണ്ട് 90 ശതമാനം കുട്ടികളിൽ ഈ അസുഖം ഭേദമാക്കാം. എന്നാൽ മുതിർന്നവരിൽ ഈ രോഗം 30ശതമാനം മാത്രമാണ് Corticosteroid മരുന്നുകൾ കൊണ്ട് ഭേദമാക്കാൻ സാധിക്കുന്നത് ബാക്കിയുള്ളവരിൽ മറ്റു ചികിത്സാ രീതികൾ വേണ്ടി വന്നേക്കാം.
ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് ചൊറിച്ചിലോ, മുറിവോ, പിന്നെ തൊണ്ടവേദന വന്നതിന് ഏഴ് മുതൽ 10 ദിവസത്തിനു ശേഷം ശരീരം മുഴുവന്‍ നീര് വയ്ക്കുക, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിൽ ചുവന്ന നിറം വരിക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ Acute Glomerulo nephritis എന്ന അസുഖം കൊണ്ടാകാം.
പ്രമേഹം വൃക്കകളെ ബാധിക്കുന്ന അവസ്ഥയെ Diabetic Kidney Disease or Diabetic Nephropathy എന്ന് പറയുന്നു. ഈ രോഗികളിൽ മൂത്രത്തിൽ പ്രോട്ടീനിന്റെ അംശം കൂടുക, മൂത്രം ഒഴിക്കുമ്പോൾ പതച്ചില്‍, ശരീരത്തിലും കൺപോളയിലും നീര് ഉണ്ടാവുക എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്നു.
വൃക്ക തകരാറ് മൂലവും ശരീരത്തിൽ നീര് വരാം. ആക്യൂട്ട് കിഡ്‌നി ഇന്‍ജ്വറി, പെട്ടെന്നുണ്ടാകുന്ന വൃക്ക തകരാറാണ്. മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിൽ നിറവ്യത്യാസം, രക്ത പരിശോധനയിൽ യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവ് കൂടുതലും അമിത രക്തസമ്മർദ്ദം എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. ഡയാലിസിസ് മുതലായ ചികിത്സ ചിലരിൽ വേണ്ടി വന്നേക്കാം. ഇവരിൽ ഡയാലിസിസിന് ശേഷം നീര് പൂർണ്ണമായും ഭേദമാക്കാന്‍ സാധിക്കും.
സ്ഥായിയായി വന്ന വൃക്ക തകരാർ(Chronic Kidney Disease) എന്ന രോഗാവസ്ഥയിൽ കാലക്രമേണയാണ് നീര് ഉണ്ടാകുന്നത്. വൃക്കകളുടെ പ്രവർത്തന തകരാർ മൂലം ശരീരത്തിലെ വെള്ളവും ഉപ്പും പുറന്തള്ളാന്‍ സാധിക്കാത്ത സാഹചര്യത്തിൽ ശരീരത്തിന്റെ പലഭാഗത്തും വെള്ളം നിറഞ്ഞ് നീരുണ്ടാകുന്നു. ഈ വെള്ളം ശ്വാസകോശത്തിൽ എത്തുകയാണെങ്കില്‍ ശ്വാസംമുട്ടല്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
രോഗനിർണ്ണയം
ശരീരത്തിൽ നീര് വരുന്നത് വൃക്ക രോഗവുമായി ബന്ധപ്പെട്ടാണെങ്കിൽ മൂത്രത്തിലെ പ്രോട്ടീനിന്റെ അളവ് വളരെ കൂടുതലായിരിക്കും. രക്ത പരിശോധനയിൽ യൂറിയ, ക്രിയാറ്റിനിന്‍, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് കൂടുതലായിരിക്കാം. ഇതോടൊപ്പം പ്രമേഹം ഉണ്ടോ എന്ന് കൂടി രക്ത പരിശോധനയിലൂടെ നിർണ്ണയിക്കേണ്ടതാണ്. വൃക്ക തകരാർ മൂലമാണ് ശരീരത്തില്‍ നീരുണ്ടാകുന്നത് എന്ന് മനസ്സിലാക്കിയാൽ വൃക്ക തകരാറിനുള്ള കാരണം നിർണ്ണയിക്കുന്നതിനായി ചിലരില്‍ കിഡ്‌നി ബയോപ്‌സി വേണ്ടി വന്നേക്കാം.
ഹൃദ്രോഗം മൂലമാണോ ശരീരത്തിൽ നീര് വന്നതെന്ന് മനസ്സിലാക്കുന്നതിനായി ECG, Chest X-ray, Echocardiography മുതലായ ടെസ്റ്റുകളും വേണ്ടിവന്നേക്കാം. അതുപോലെ കരൾ സംബന്ധമാണ് എന്നറിയുന്നതിന് എൽ എഫ് ടി (Liver Function Test), ടോട്ടൻ പ്രോട്ടീന്‍, ആൽബുമിന്‍, വയറിന്റെ അൾട്രാസൗണ്ട് സ്‌കാൻ എന്നീ പരിശോധനകൾ ചെയ്യണം.
ചികിത്സ
ആദ്യഘട്ടത്തിൽ ആഹാര ക്രമീകരണത്തിലൂടെ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാൻ സാധിക്കും. ആഹാരക്രമത്തിൽ ഉപ്പിന്റെയും വെള്ളത്തിന്റെയും അളവ് കുറയ്ക്കണം. എന്നിട്ടും നിര് കുറയുന്നില്ലെങ്കിൽ മൂത്രത്തിന്റെ അളവ് കൂട്ടുന്നതിനുള്ള മരുന്ന് Diuretics (Frusemide, Spironolactone) നീര് കുറയ്ക്കാൻ സഹായിച്ചേക്കാം. പിന്നീട് നീര് നിലനിൽക്കുകയാണെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി അതിനനുസൃതമായി ചികിത്സ തിരഞ്ഞെടുക്കേണ്ടതാണ്.
ഉദാഹരണത്തിന്, ഹൃദയ സംബന്ധമാണെങ്കിൽ ഹൃദയത്തിന്റെ പ്രവർത്തനം കൂട്ടാനുളള മരുന്നുകൾ കൊണ്ട് ഫലമുണ്ടാകും. രക്തക്കുഴലിനുള്ളിൽ രക്തം കട്ട പിടിച്ച അവസ്ഥ ആണെങ്കിൽ ത്രാമ്പോലൈസിസ് ചികിത്സ, ആന്റികൊയാഗുലേഷന്‍ ട്രീറ്റ്‌മെന്റ് എന്നിവയാണ് ചികിത്സാരീതി. പൂർണ്ണമായി വൃക്ക തകരാർ വന്ന രോഗികളിൽ അവസാന ഘട്ടത്തിൽ ഡയാലിസിസ് (Hemodialysis, Peritoneal dialysis) ഒരു ചികിത്സാരീതിയാണ്.
ശരീരത്തില്‍ നീരുണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. കൃത്യമായ രോഗനിർണ്ണയത്തിലൂടെ ശരിയായ ചികിത്സ ഉറപ്പാക്കിക്കൊണ്ട് ശരീരത്തിലെ നീര് ഭേദമാക്കുവാൻ സാധിക്കും.
ഡോ. ജേക്കബ് ജോർജ്ജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം