moon

ഭാദ്രപാദ മാസത്തിലെ വിനായക ചതുര്‍ത്ഥിയാണ് ചതുര്‍ത്ഥികളില്‍ ഏറെ വിശേഷപ്പെട്ടതായി കരുതുന്നത്. സകല വിഘ്നങ്ങളും നീക്കുന്ന വിഘ്‌നേശ്വരനായ ഗണപതിയുടെ ജന്മദിവസമായി വിശ്വാസികള്‍ ആചരിക്കുന്നത് ഈ ദിവസമാണ്. ഇതാണ് ഭാരതമൊട്ടാകെ ഗണേശ ചതുര്‍ത്ഥിയെന്ന പേരില്‍ അറിയപ്പെടുന്നതും. ഭാരതത്തില്‍ നിലനില്‍ക്കുന്ന മറ്റ് ആഘോഷങ്ങളെപ്പോലെ തന്നെ ഗണേശ ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ടും പല വിശ്വാസങ്ങളും, ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്.

മോദക പ്രിയനായ ഗണപതിയുടെ ഏറെ രസകരമായ ഒരു ഐതിഹ്യം ഇങ്ങനെയാണ്.

ഒരിക്കല്‍ ചന്ദ്രലോകത്തില്‍ നടക്കുന്ന വിരുന്നിലേക്ക് മഹാ ഗണപതിയെയും ക്ഷണിക്കുകയുണ്ടായി. പല വിശിഷ്ട വിഭവങ്ങളും ഒരുക്കിയിരുന്നെങ്കിലും മോദക പ്രിയനായ ഗണേശന്‍ തന്റെ ഇഷ്ട വിഭവമായ മോദകം തന്നെയാണ് ഏറെ കഴിച്ചത്. ഒടുവില്‍, യാത്ര തിരിക്കുന്ന സമയം ചന്ദ്രദേവന്റെ നിര്‍ദ്ദേശപ്രകാരം കുറച്ചധികം മോദകം ഗണപതി കൂടെ കൊണ്ടു പോരുകയും ചെയ്തു. എന്നാല്‍ഭാരക്കൂടുതല്‍ കാരണം കുറെ മോദകം താഴേക്ക് വീഴുകയും, അത് കണ്ട് ചന്ദ്രഭഗവാന്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രഭഗവാന്റെ ചിരി അപമാനമായി തോന്നിയ ശ്രീ ഗണേശന്‍ ചന്ദ്രഭഗവാനെ ശപിച്ചു.

”ഏതൊരുവന്‍ നിന്നെ ദര്‍ശിക്കുന്നുവോ അവന് കള്ളനെന്ന പേര് വരും, അങ്ങിനെ നിന്നെ അവര്‍ വെറുക്കും’എന്നതായിരുന്നു ഗണേശ ശാപം. എന്നാല്‍ അതിഥി മര്യാദയില്‍ അബദ്ധം സംഭവിച്ചു പോയതില്‍ പശ്ചാത്താപം തോന്നിയ ചന്ദ്രഭഗവാന്‍ ഗണപതിയോട് ക്ഷമാപണം നടത്തുകയും ശാപമുക്തി നല്‍കുവാന്‍ അപേക്ഷിക്കുകയും ചെയ്തു.

എന്നാല്‍ നല്‍കിയ ശാപം തിരിച്ചെടുക്കുക അസാധ്യമായിരുന്നു. ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ശ്രീ ഗണേശന്‍ പറഞ്ഞു. ”ഇന്ന് ഭാദ്രപാദമാസത്തിലെ ചതുര്‍ത്ഥിയാണ്. അതുകൊണ്ട് ഇന്ന് മുതല്‍ എല്ലാ കാലങ്ങളിലുമുള്ള ഭാദ്രപാദ മാസത്തിലെ ചതുര്‍ത്ഥിക്കും നിന്റെ ദര്‍ശനം എല്ലാവരും ഒഴിവാക്കട്ടെ. അങ്ങിനെയാണ് അത്തവും, ചതുര്‍ത്ഥിയും നിലാവ് കാണരുതെന്ന ചൊല്ല് നിലവില്‍ വന്നത്.

ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ ദര്‍ശിച്ചാല്‍ ചീത്തപ്പേര് കേള്‍ക്കുമെന്നും മോഷണക്കുറ്റം ആരോപിക്കപ്പെടുമെന്നുമാണ് വിശ്വാസം. ഈ വർഷത്ത വിനായകചതുർത്ഥി സെപ്തംബർ മാസം 7ന് ആണ്