ambani

70,350 കോടി രൂപയുടെ ലയന ഇടപാടിൽ പിറക്കുന്നത് മാദ്ധ്യമ പവർഹൗസ്

ഹോട്ട് സ്‌റ്റാറും ജിയോടിവിയും ഇനി ഒരു കുടക്കീഴിൽ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയായ വയാകോം18, ഡിസ്‌നിയുടെ സ്റ്റാർ ഇന്ത്യ എന്നിവയുടെ മാദ്ധ്യമ ബിനിനസുകൾ ലയിപ്പിക്കുന്നതിന് കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ(സി.സി.ഐ) അനുമതി നൽകി. റിലയൻസ് ഇൻഡസ്ട്രീസ്, വയാകോം18 മീഡിയ, ഡിജിറ്റൽ18 മീഡിയ, സ്‌റ്റാർ ഇന്ത്യ, സ്റ്റാർ ടെലിവിഷൻ എന്നിവ ഉൾപ്പെടുന്ന പുതിയ സംരംഭത്തിന് നിബന്ധനകൾക്ക് വിധേയമായി അംഗീകാരം നൽകിയെന്ന് സി.സി.ഐ സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു. ഇന്ന് നടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതു യോഗത്തിന് മുന്നോടിയായാണ് രാജ്യത്തെ ഏറ്റവും വലിയ വിനോദ വ്യവസായ കമ്പനിയുടെ രൂപീകരണത്തിന് അനുമതി. ഡിസ്‌നിയുടെ ഇന്ത്യയിലെ മാദ്ധ്യമ ബിസിനസ് 70,350 കോടി രൂപയ്ക്കാണ് റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുക്കുന്നത്. പുതിയ സംയുക്ത സംരംഭത്തിന്റെ വളർച്ചയ്ക്കായി റിലയൻസ് ഇൻഡസ്ട്രീസ് 11,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ രാജ്യത്തെ പ്രധാന സ്ട്രീമിംഗ് സർവീസുകളായ ഹോട്ട് സ്‌റ്റാറും ജിയോടിവിയും റിലയൻസ് ഇൻഡസ്ടീസ് ഉടമ മുകേഷ് അംബാനിയുടെ കുടക്കീഴിലാകും.

റിലയൻസിന് പൂർണ നിയന്ത്രണം

രാജ്യത്തെ ഏറ്റവും വലിയ ചാനൽ ശൃംഖലയും സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളും ഉൾപ്പെടുന്ന സംയുക്ത സംരംഭം ഈ വർഷം ഫെബ്രുവരിയിലാണ് റിലയൻസ് ഇൻഡസ്‌ട്രസിന്റെ ഉപകമ്പനിയായ വയാകോം18നും ഡിസ്‌നിയുടെ ഇന്ത്യൻ യൂണിറ്റായ സ്റ്റാർ ഇന്ത്യയും പ്രഖ്യാപിച്ചത്. പുതിയ കമ്പനിയുടെ ഡയറക്‌ടർ ബോർഡിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അഞ്ച് പ്രതിനിധികളും ഡിസ്‌നിയുടെ മൂന്ന് പ്രതിനിധികളും രണ്ട് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. റിലയൻസിന് 46.82 ശതമാനം ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭത്തിൽ നിത അംബാനി ചെയർപേഴ്‌സണും ഡിസ്‌നിയുടെ ഉദയ് ശങ്കർ വൈസ് ചെയർമാനുമാകും.

വിനോദ വ്യവസായ രംഗത്തെ കുത്തക

ഇന്ത്യൻ വിനോദ വ്യവസായ രംഗത്ത് ഏറ്റവും വലിയ വിപണി വിഹിതമുള്ള പുതിയ സംരംഭത്തിൽ ബി.സി.സി.ഐയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണ അവകാശത്തിനൊപ്പം 120 ചാനലുകളും രണ്ട് പ്രധാന സ്‌ട്രീമിംഗ് സേവനങ്ങളുമാണുള്ളത്. നെറ്റ്‌ഫ്ളിക്‌സ്, സോണി, ആമസോൺ എന്നിവയ്ക്ക് റിലയൻസ്-ഡിസ്‌നി കടുത്ത മത്സരം സൃഷ്‌ടിക്കും.