തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. മഹാവിഷ്ണുവിന്റെ രംഗനാഥൻ എന്ന രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. തമിഴ്‌നാട്ടിലെ കാവേരി, തിരുവരുനപ്പള്ളി എന്നീ രണ്ട് നദികൾക്കിടയിലാണ് ശ്രീരംഗം പട്ടണം സ്ഥിതി ചെയ്യുന്നത്. ഏഴു മതിലുകൾ ചേർന്ന ഈ ക്ഷേത്രം വലിപ്പത്തിന്റെ കാര്യത്തിൽ മുന്നിലാണ്. ഇരുപത്തിയൊന്ന് ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുതായ രാജഗോപുരത്തിന് പതിമൂന്ന് നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരവുമുണ്ട്. 156 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷേത്രത്തിൽ തെക്കോട്ട് ദർശനമായാണ് ഇവിടെ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ആയിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് സമാധിയായ രാമാനുജാചാര്യരുടെ മൃതദേഹം ഇപ്പോഴും രംഗനാഥ ക്ഷേത്രത്തിൽ സംരക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. ക്ഷേത്രം സന്ദർശിക്കുന്ന പലർക്കും ഇത് അറയില്ല എന്നതും കൗതുകകരമാണ്. ശ്രീരംഗത്തിന്റെ നാലാം മുറ്റത്തുള്ള രാമാനുജാചാര്യക്ഷേത്രം ചിലർ സന്ദർശിക്കുന്നുണ്ടെങ്കിലും അത് അദ്ദേഹത്തിന്റെ യഥാർത്ഥ ശരീരം തന്നെയാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ഒരു ഇരിപ്പിടത്തിൽ ശരീരം ഇപ്പോഴും കാണാം. വർഷത്തിൽ രണ്ടുതവണ രാമാനുജനു വേണ്ടി ക്ഷേത്രത്തിൽ ഉത്സവം നടക്കും. അക്കാലത്ത്, രാമാനുജന്റെ ശരീരത്തിൽ കർപ്പൂരവും കുങ്കുമവും ഒഴിക്കുന്നു. അതിനാൽ ശരീരം ചുവന്ന നിറത്തിലുള്ള ഒരു പ്രതിമ പോലെ കാണപ്പെടുന്നു. കണ്ണുകളും മറ്റുമൊക്കെ വ്യക്തമായി കാണാനാകും. കുങ്കുമതൈലം ഒഴിക്കുമ്പോൾ കൂടുതൽ തിളക്കമുള്ളതായി തോന്നും. ശരീരം കേടാവാതിരിക്കാൻ ചന്ദനത്തിന്റെ കുഴമ്പും കുങ്കുമവുമാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. രാസവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ദർശനത്തിനായി ഭക്തർക്ക് അവസരമുണ്ട്. കൈയിലെ നഖങ്ങൾ അത് യഥാർത്ഥ ശരീരമാണെന്ന് സൂചിപ്പിക്കുന്നു. തെക്ക് പടിഞ്ഞാറ് ദിശയിലാണ് രാമുനജന്റെ ശരീരം ഇരിക്കുന്നത്.
1017 ൽ ചെന്നൈ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ശ്രീപെരുമ്പത്തൂരിലാണ് രാമാനുജൻ ജനിച്ചത്. ഏകദേശം 123 വർഷക്കാലം ജീവിച്ചിരുന്ന രാമാനുജൻ പ്രബലതയുടെ സിദ്ധാന്തത്തിന്റെ പ്രചാരണത്തിൽ നിർണായക സംഭാവന നൽകി. തന്റെ ജീവിതത്തിന്റെ പകുതിയും തമിഴ്‌നാട്ടിലെ ശ്രീരംഗം, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിൽ ചെലവഴിച്ചു. ഇളയ പെരുമാൾ എന്നായിരുന്നു ചെറുപ്പത്തിൽ രാമാനുജന്റെ പേര്. ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ അച്ഛൻ കേശവ സോമായാജ് മരിച്ചു. കാഞ്ചീപുരത്തെത്തിയതിന് പിന്നിൽ വേദ പഠനമായിരുന്നു ലക്ഷ്യം. അദ്വൈത സിദ്ധാന്തത്തിൽ അഗ്രഗണ്യനായിരുന്ന യാദവപ്രകാശയുടെ കീഴിലായിരുന്നു രാമാനുജന്റെ വേദ പഠനം. തിരുപ്പതി ക്ഷേത്രത്തിലെ ഗോവിന്ദരാജയുടെ പുനപ്രതിഷ്ഠ നടത്തിയതും രാമാനുജനായിരുന്നു.
തിരുച്ചിറപ്പള്ളിയുടെ, ഭാഗമായ ഒരു ദ്വീപ് നഗരമാണ് ശ്രീരംഗം (Srirangam) (തമിഴിൽ തിരുവരംഗം). ഒരു വശത്ത് കാവേരിയും മറുവശത്ത് കാവേരിയുടെ പോഷകനദിയായ കൊള്ളിടവുമാണ് ഉള്ളത്. ശ്രീവൈഷ്ണവർ എന്നറിയപ്പെടുന്ന മഹാവിഷ്ണുഭക്തരുടെ വലിയൊരു വിഭാഗം ഇവിടെയുണ്ട്.
631000 ചതുരശ്ര മീറ്റർ ആണ് ശ്രീരംഗക്ഷേത്രത്തിന്റെ വിസ്താരം. 4 കിലോമീറ്റർ ചുറ്റളവുണ്ട് ക്ഷേത്രസമുച്ചയത്തിന്. ആംഗർവാട്ട് ഇതിലും വലുതാണെങ്കിലും ഇപ്പോൾ ചടങ്ങുകൾക്ക് ഉപയോഗിക്കുന്നില്ല.156 ഏക്കറിൽ പരന്നുകിടക്കുന്ന ക്ഷേത്രം ഏഴുചുറ്റുമതിലിനുള്ളിൽ ആണ്. 21 വലിയ ഗോപുരങ്ങളാണ് ഇവയ്ക്ക് ഉള്ളത്. 72 മീറ്റർ ഉയരമുള്ള രാജഗോപുരം ഏഷ്യയിൽ ഏറ്റവും ഉയരമുള്ളതാണന്ന് പറഞ്ഞുവല്ലോ. ക്ഷേത്രം ഉണ്ടാക്കിയ കാലത്തെ ശ്രീരംഗം നഗരത്തിലെ ജനങ്ങൾ മുഴുവൻ ആ ക്ഷേത്രസമുച്ചയത്തിന്റെ ഉള്ളിൽ ആണ് ജീവിച്ചിരുന്നത്.
വൈദ്യുതവേലിക്കകത്ത് സംരക്ഷിച്ചിരിക്കുന്ന പൂർണ്ണമായും സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഒരു ഗോപുരം ഇവിടെയുണ്ട്. വൈകുണ്ഠ ഏകാദശിക്കാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത്.