d

സിംല; സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 18ൽ നിന്ന് 21 വയസായി ഉയർത്താൻ ഹിമാചൽ പ്രദേശ്. ഇത് സംബന്ധിച്ച ബിൽ ഹിമാചൽ പ്രദേശ് നിയമസഭ പാസാക്കി. വർഷകാല സമ്മേളനത്തിലാണ് ശൈശവ വിവാഹ നിരോധന (ഹിമാചൽ പ്രദേശ് ഭേദഗതി)​ ബിൽ 2024 ,​ ശബ്ദ വോട്ടോടെ പാസാക്കിയത്. വനിതാ ശാക്തീകരണ മന്ത്രി ധനിറാം ഷാൻഡിലാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്. ലിംഗസമത്വത്തെയും ഉന്നത വിദ്യാഭ്യാസത്തെയും പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

സകലമേഖലയിലും സ്ത്രീകൾ മുന്നേറുകയാണ്. നേരത്തെയുള്ള വിവാഹങ്ങൾ സ്ത്രീകളുടെ ഔദ്യോഗിക ജീവിതത്തെ മാത്രമല്ല,​ ശാരീരിക വളർച്ചയ്ക്കും തടസമാകുന്നുണ്ട്,​ ലിംഗ സമത്വവും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരവും ഉറപ്പാക്കുന്നതിന് പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബില്ലിൽ പറയുന്നു. അതിനാൽ 2006ലെ ശൈശവ വിവാഹ നിരോധന നിയമവും മറ്റ് അനുബന്ധ നിയമങ്ങളും ഭേദഗതി ചെയ്യാനും പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസായി ഉയർത്താനും ബിൽ നിർദ്ദേശിക്കുന്നു.

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നതിനുള്ള നിയമനിർമ്മാണം നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസ് ന്നും മുന്നിലാണെന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് പറഞ്ഞു.